ഇസ്രായേല്‍ ഫുട്ബാള്‍ ടീമിനെ വിലക്കണമെന്ന് യുവേഫയോട് അയര്‍ലാന്‍ഡ്; പ്രമേയം പാസാക്കി
ഡബ്ലിന്‍: ഇസ്രായേല്‍ ഫുട്ബാള്‍ ടീമിനെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് അയര്‍ലാന്‍ഡ് ഫുട്ബാള്‍ അസോസിയേഷന്‍ (എഫ്എഐ) യുവേഫയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഇസ്രായേലിനെതിരേ വിലക്ക് ആവശ്യപ്പെട്ട പ്രമേയം ശനിയാഴ്ച പാസാക്കി. വംശീയതക്കെതിരായ നടപടികളില്‍ ഇസ്രായേല്‍ പരാജയപ്പെട്ടതും ഫലസ്തീനില്‍ അവരുടെ അനുമതിയില്ലാതെ മല്‍സരങ്ങള്‍ നടത്തുന്നതുമാണ് വിലക്ക് ആവശ്യപ്പെടാനുള്ള പ്രധാന കാരണം. 74 പേര്‍ പ്രമേയത്തെ അനുകൂലിക്കുകയും ഏഴുപേര്‍ എതിര്‍ക്കുകയും ചെയ്തു. രണ്ടുപേര്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യുകയും ചെയ്തു.
ഇസ്രായേലിനെതിരേ വിലക്ക് സംബന്ധിച്ച് വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം യുവേഫ നേരത്തെ എടുത്തിരുന്നുവെങ്കിലും, യുഎസ് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് യുവേഫ ആ നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സെപ്റ്റംബറില്‍ നോര്‍വേയും തുര്‍ക്കിയും ഇസ്രായേല്‍ ഫുട്ബാള്‍ അസോസിയേഷനെ വിലക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. അതേസമയം, യുഎന്‍ ഉദ്യോഗസ്ഥര്‍ ഫിഫയോടും യുവേഫയോടും ഇസ്രായേലിനെതിരേ നടപടിയെടുക്കണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നുവെങ്കിലും, ഫിഫ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ്.
ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ വ്യാപകമായ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് അയര്‍ലാന്‍ഡിന്റെ ഈ നീക്കം ശ്രദ്ധേയമായിരിക്കുന്നത്.
