103ാം ദിവസവും നിരാഹാരസമരം തുടരുന്ന ഫലസ്തീന്‍ തടവുകാരനെ ഇസ്രായേല്‍ വിട്ടയച്ചു

Update: 2020-11-27 18:01 GMT

ജറുസലേം: 103ാം ദിവസവും നിരാഹാരസമരം തുടരുന്ന ഫലസ്തീന്‍ തടവുകാരന്‍ മെഹര്‍ അല്‍ അഖ്‌റാസിനെ ഇസ്രായേല്‍ അധികൃതര്‍ വിട്ടയച്ചു.

അദ്ദേഹത്തെ കപ്ലാനിലെ ഇസ്രായേലി ആശുപത്രിയില്‍ നിന്ന് വെസ്റ്റ് ബാങ്കിലെ നബ്ലസില്‍ നജാബ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ വക്താവ് ക്വാദ്രി അബു ബകര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

വിചാരണകൂടാതെ ഒരു വര്‍ഷം വരെ തടവുകാരെ തടവില്‍ സൂക്ഷിക്കാമെന്ന നിയമത്തിനെതിരേയാണ് മറ്റൊരു കേസില്‍ തടവിലായ അല്‍ അഖ്‌റാസ് നിരാഹാരസമരം തുടങ്ങിയത്.

അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദമുണ്ടായെങ്കിലും അല്‍ അഖ്‌റാസിനെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ ആദ്യം തയ്യാറായിരുന്നില്ല.

തുടര്‍ന്നാണ് അല്‍ അഖ്‌റാസ് സമരം തുടങ്ങിയത്. നവംബര്‍ 6ന് ഇസ്രായേലുമായുണ്ടാക്കിയ കരാറിനെ തുടര്‍ന്നാണ് നവംബര്‍ 26ന് ഇപ്പോള്‍ അദ്ദേഹത്തെ മോചിപ്പിക്കുന്നത്.

നിലവില്‍ ഇസ്രായേല്‍ തടവറയില്‍ 4,400 ഫലസ്തീന്‍ പൗരന്മാരാണ് ഉള്ളത്. അതില്‍ 39 സ്ത്രീകളും 155 കുട്ടികളും ഉള്‍പ്പെടുന്നു.

Similar News