
ഗസ: തെക്കൻ ഗസയിൽ സഹായം സ്വീകരിക്കാൻ കാത്തുനിന്ന 47 ഫലസ്തീനികളെ ഇസ്രായേൽ ഷെല്ലാക്രമണത്തിൽ കൊലപ്പെടുത്തി. ഖാൻ യൂനിസിലെ കിഴക്കൻ റോഡിൽ സഹായ ട്രക്കുകൾക്കായി കാത്തുനിന്ന നിരാശരായ ഫലസ്തീനികളുടെ ജനക്കൂട്ടത്തിന് നേരെ ഇസ്രായേലി ടാങ്കുകൾ ഷെല്ലുകൾ പ്രയോഗിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരുമെന്നും അവർ കൂട്ടിചേർത്തു.
തെരുവുകളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതിന്റെയും കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെയും ഭയാനകമായ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ട്.
അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ള ഒരു പുതിയ സഹായ സംവിധാനം കഴിഞ്ഞ മാസം പ്രവർത്തനം ആരംഭിച്ചതിനുശേഷം, ഇസ്രായേലിന്റെ വെടിവയ്പ്പിൽ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൻ്റെ സഹായം മരണകെണിയാണെന്ന് ഇതിനോടകം തന്നെ യുഎൻ മേധാവികൾ പറഞ്ഞിരുന്നു.
ഇസ്രായേലിന്റെ ഉപരോധം മൂലം ആശുപത്രികൾ അവശ്യ മെഡിക്കൽ സാധനങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുകയാണ്. ഭക്ഷണത്തിന്റെ അഭാവം ഡസൻ കണക്കിന് പട്ടിണി മരണങ്ങൾക്ക് കാരണമായി.ഗസയിലെ ആരോഗ്യ സംവിധാനം തകർന്നു കൊണ്ടിരിക്കുകയാണെന്ന് ഗസ ആരോഗ്യമന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ ഡോ. മൗനിർ അൽ-ബർഷ് പറഞ്ഞു.