48 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത് 300ലധികം ഫലസ്തീനികളെ
ഗസ: ഇക്കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സൈന്യം കൊന്നൊടുക്കിയത് 300-ലധികം ഫലസ്തീനികളെ. ഗസ ഗവൺമെന്റ് മീഡിയ ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടത്.
ഇന്നു മാത്രമുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ കുറഞ്ഞത് 73 ഫലസ്തീനികൾ കൊല്ലപ്പെട്ടു. വിവാദമായ ഇസ്രായേലി, യുഎസ് പിന്തുണയുള്ള ഗസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) സഹായ കേന്ദ്രങ്ങളിൽ നടന്ന വെടിവയ്പ്പിൽ ഭക്ഷണത്തിനു കാത്തുനിന്നവർക്കു നേരെയാണ് യാതൊരു പ്രകോപനവുമില്ലാതെ ഇസ്രായേൽ സൈന്യം വെടിവച്ചത്.
ഇക്കാലയളവിൽ തന്നെ ഇസ്രായേൽ "26 രക്തരൂക്ഷിത കൂട്ടക്കൊലകൾ" നടത്തിയതായും അവർ വ്യക്തമാക്കി.
ഗസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ കുറഞ്ഞത് 57,012 പേർ കൊല്ലപ്പെടുകയും 134,592 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.