
ന്യൂയോര്‍ക്ക്: ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇതുവരെ 78 പേര്‍ കൊല്ലപ്പെടുകയും 320 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ പ്രതിനിധി സഈദ് ഇര്‍വാനി.
ഇറാനെതിരായ ഇസ്രായേല്‍ ആക്രമണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിന് മുമ്പുള്ള പ്രസംഗത്തിലാണ് ഇര്‍വാനി മരണസംഖ്യ രേഖപ്പെടുത്തിയത്. ഇസ്രായേല്‍ ഭരണകൂടം ഇറാനിയന്‍ തലസ്ഥാനമായ തെഹ്റാനിലും പരിസരത്തും മറ്റ് ഇറാനിയന്‍ നഗരങ്ങളിലും സൈനിക ആക്രമണങ്ങള്‍ നടത്തി.
ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇസ്രായേല്‍ സൈന്യം ആക്രമണങ്ങള്‍ നടത്തി. ഇറാനിലെ സായുധ സേനയുടെ ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബഖേരി, ഇസ് ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി എന്നിവര്‍ തെഹ്റാനില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് ഇസ്രയേലിനെതിരെ ഇറാന്‍ സായുധ സേന പ്രത്യാക്രമണങ്ങള്‍ തുടങ്ങി.