ട്രംപ് ഇടപെട്ടു; അമേരിക്കന്‍ കോണ്‍ഗ്രസിലെ മുസ്‌ലിം വനിതകള്‍ക്ക് ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതിന് വിലക്ക്

ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരേ നിരന്തരം ശബ്ദിക്കുകയും വംശീയപരാമര്‍ശങ്ങള്‍ക്കെതിരേ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട് റാഷിദാ ത്വെയ്ബും ഇല്‍ഹാന്‍ ഉമറും.

Update: 2019-08-16 04:38 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങളായ മുസ്‌ലിം വനിതകളെ രാജ്യം സന്ദര്‍ശിക്കുന്നതിന് വിലക്കി ഇസ്രയേല്‍. ഡെമോക്രാറ്റിക് അംഗങ്ങളായ റാഷിദാ ത്വെയ്ബ്, ഇല്‍ഹാന്‍ ഉമര്‍ എന്നിവരെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലോടെ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ഇവര്‍ അടുത്തയാഴ്ച വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും സന്ദര്‍ശിക്കാനിരിക്കെയാണ് നടപടി. റാഷിദാ ത്വെയ്ബിനും ഇല്‍ഹാന്‍ ഉമറിനും ഇസ്രയേലിനോട് വെറുപ്പാണെന്നും ജൂതന്‍മാരെ അവര്‍ ഇഷ്ടപ്പെടുന്നില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇസ്രയേലിന്റെ നടപടിയോടുകൂടി ഡെമോക്രാറ്റിക്കുകളും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും തമ്മില്‍ ബന്ധം വഷളാവുന്നിടത്തേക്കാണ് സംഭവങ്ങള്‍ നീങ്ങുന്നത്. ഡെമോക്രാറ്റുകള്‍ ഇസ്രയേല്‍ അംബാസിഡര്‍ റോണ്‍ ഡെര്‍മറിനെ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ നിലപാടുകള്‍ ജൂതന്‍മാര്‍ക്കെതിരല്ലെന്നും ഫലസ്തീനികളെ അക്രമിക്കുന്ന ഇസ്രയേല്‍ എന്ന രാഷ്ട്രത്തിനെതിരാണെന്നും റാഷിദാ ത്വെയ്ബും ഇല്‍ഹാന്‍ ഉമറും പറഞ്ഞു. അതേസമയം, അമേരിക്കന്‍ കോണ്‍ഗ്രസിലെ സ്പീക്കര്‍ നാന്‍സി പെലോസി ഇസ്രയേല്‍ നടപടി നിരാശാജനകമാണെന്ന് അറിയിച്ചിട്ടുണ്ട്. ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരേ നിരന്തരം ശബ്ദിക്കുകയും വംശീയപരാമര്‍ശങ്ങള്‍ക്കെതിരേ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട് റാഷിദാ ത്വെയ്ബും ഇല്‍ഹാന്‍ ഉമറും.



Similar News