'ബിജെപി ഇങ്ങനെയാണോ കേരളത്തെ വികസിപ്പിക്കുന്നത്'; വി ഡി സതീശന്‍

ധാതു ഇടനാഴി കേരളത്തിലെ ധാതു സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വി ഡി സതീശന്‍

Update: 2026-02-01 14:56 GMT

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കേട്ടപ്പോള്‍ കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് തോന്നിപ്പോയെന്നും കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒന്നുമില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. എയിംസിനെ കുറിച്ചാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സംസാരിച്ചത്. അതെങ്കിലും കിട്ടുമെന്ന് കരുതി. എയിംസുമില്ല അതിവേഗ റെയില്‍ പാതയുമില്ല. ബജറ്റില്‍ കേരളത്തിനുവേണ്ടി പ്രഖ്യാപനങ്ങള്‍ ഇല്ലാത്തത് സങ്കടകരമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ധാതു ഇടനാഴി പ്രഖ്യാപനം കേരളത്തിലെ ധാതു സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനവുമായി കൂടിയാലോചിച്ച് വേണം ഇക്കാര്യത്തില്‍ നയരൂപീകരണം നടത്താന്‍. കേരളത്തിലെ ധാതു സമ്പത്തില്‍ പലരും കണ്ണ് വെച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. മനപ്പൂര്‍വമായി കേരളത്തെ ഉപേക്ഷിക്കുന്ന സമീപനമാണ്. കേന്ദ്ര ബജറ്റില്‍ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തും. കേരളം ഉണ്ടെന്ന് കാണിക്കുന്നതിനുവേണ്ടി മാത്രമാണ് ആമ പരിപാലന കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളത്തെ പരിഹസിക്കുകയാണ്. കേന്ദ്രമന്ത്രിമാര്‍ എന്തൊക്കെയാണ് കേരളത്തില്‍ വന്ന് പറഞ്ഞത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ബജറ്റിലൂടെ വ്യക്തമാകുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

പഴയ ഫിനാന്‍സ് കമ്മീഷന്‍ കേരളത്തിന് നല്‍കിയത് 1.92 ശതമാനം മാത്രമാണ്. പതിനാറാം ഫിനാന്‍സ് കമ്മീഷന് മുന്നില്‍ കേരളത്തിനുവേണ്ടി ശക്തമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരുന്നത്. വികസിത കേരളമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് ബിജെപി നേതാക്കളും പ്രധാനമന്ത്രിയും പറഞ്ഞത്. ഇങ്ങനെയാണ് ഇവര്‍ കേരളത്തെ വികസിപ്പിക്കുന്നതെങ്കില്‍ ഇതൊരു മുന്നറിയിപ്പാണ്. എത്രത്തോളം അവഗണനയോടെയാണ് കേരളത്തെ ബിജെപി കാണുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒരു സഹായവുമില്ല. റബര്‍ താങ്ങുവില 250 രൂപയാക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്ക് പ്രകടനപത്രികയുടെ കടലാസ് ചുരുട്ടി കഴിക്കാന്‍ പറ്റില്ലല്ലോ. പത്തുവര്‍ഷം കൊണ്ട് ഇവര്‍ ആകെ വര്‍ധിപ്പിച്ചത് 50 രൂപ മാത്രമാണ്. കാര്‍ഷിക മേഖലയാകെ തളര്‍ച്ചയിലാണ്. ഇതിന് സംരക്ഷണം ഒരുക്കുകയാണ് ബജറ്റിലൂടെ ചെയ്യേണ്ടത്. അക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് സതീശന്‍ ഓര്‍മ്മപ്പെടുത്തി.

ഇന്‍ഫാമിന്റെ വേദിയില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ സമ്മതിക്കണം. കര്‍ഷകരുടെ എന്ത് പ്രശ്നമാണ് പരിഹരിച്ചത്. നെല്ല് സംഭരിക്കാന്‍ സാധിക്കുന്നില്ല, റബറിന്റെ താങ്ങുവില ഉയര്‍ത്തിയില്ല, വന്യജീവി ആക്രമണത്തില്‍ നിന്നും രക്ഷിക്കാനും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല. ആന ചവിട്ടി കൊന്നാലും കടുവ കടിച്ചുകൊന്നാലും കഷ്ടമായി പോയി എന്ന് മാത്രമാണ് വനം മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് ഇന്‍ഫാം പ്രതിപക്ഷത്തിന് മുന്നില്‍ വെച്ചിട്ടുള്ളത്. യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ ഈ പരാതികളില്‍ വ്യക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ മടങ്ങിയെത്തിയാല്‍ എന്താവും സ്ഥിതിയെന്ന് ബോധ്യമുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍. അക്കാര്യത്തില്‍ ജനങ്ങള്‍ കൃത്യമായ തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

Tags: