അമ്മക്ക് കൊവിഡ് ഉണ്ടെന്നു കരുതി നവജാത ശിശുവിനെ മാറ്റിക്കിടത്തണോ ?

തീവ്രമായ കൊവിഡ് ബാധ നവജാത ശിശുക്കളില്‍ അപൂര്‍വമാണ് എന്നാണ് പഠനം ഉറപ്പിച്ചു പറയുന്നത്.

Update: 2020-11-18 10:13 GMT

ലണ്ടന്‍: കൊവിഡ് പോസിറ്റീവ് ആയ അമ്മയില്‍ നിന്നും രോഗം പകരും എന്ന് കരുതി നവജാത ശിശുക്കളെ മാറ്റിക്കിടത്തേണ്ട കാര്യമില്ലെന്ന് പഠനം. ലണ്ടനിലെ ഇംപീരയല്‍ കോളജും ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ നഫീല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോപ്പുലേഷന്‍ ഹെല്‍ത്തും ചേര്‍ന്ന് നടത്തിയ പഠനം നവജാത ശിശുക്കള്‍ക്ക് കൊവിഡ് ബാധ അപൂര്‍വ്വമാണെന്നും രോഗത്തിന്റെ തീവ്രത കുറയുമെന്നും കണ്ടെത്തി.

2020 മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ കൊവിഡ് ബാധിച്ച് യുകെയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട 29 ദിവസത്തില്‍ താഴെ പ്രായമുള്ള ശിശുക്കളിലാണ് പഠനം നടത്തിയത്. ഇക്കാലയളവില്‍ ആശുപത്രിയില്‍ 1785 പ്രസവങ്ങള്‍ നടന്നതില്‍ 66 നവജാത ശിശുക്കള്‍ക്കാണ് കൊവിഡ് അണുബാധ മൂലം ആശുപത്രി വാസം വേണ്ടി വന്നത്. ഇത് 06 % മാത്രമാണെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതില്‍ 17 ശിശുക്കള്‍ക്ക് മാത്രമാണ് അവരുടെ അമ്മമാരില്‍ നിന്ന് ജനിച്ച് ഏഴ് ദിവസത്തിനുള്ളില്‍ കൊവിഡ് പടര്‍ന്നത്. ഇവരില്‍ ഏഴു പേര്‍ക്ക് ജനിച്ച ഉടനെ അമ്മമാരില്‍ നിന്ന് മാറ്റി കിടത്തിയിട്ടും കോവിഡ് ഉണ്ടായി. അതിനാല്‍ കൊവിഡ് പേടിയില്‍ നവജാത ശിശുക്കളെ അമ്മമാരില്‍ നിന്ന് മാറ്റി കിടത്തേണ്ട കാര്യമില്ലെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു.

കൊവിഡ് ബാധിച്ച് ചികിത്സയിലായ നവജാത ശിശുക്കളില്‍ ആരും മരണപ്പെട്ടില്ല. 90 ശതമാനം ശിശുക്കളും പൂര്‍ണ്ണമായും കോവിഡ് ഭേദമായി ആശുപത്രി വിട്ടു. തീവ്രമായ കൊവിഡ് ബാധ നവജാത ശിശുക്കളില്‍ അപൂര്‍വമാണ് എന്നാണ് പഠനം ഉറപ്പിച്ചു പറയുന്നത്.

Tags:    

Similar News