ആഢംബര വേദികളിലെ പ്രദര്‍ശന വസ്തുവാണോ കേരള പോലിസ്; പോലിസിനെ വാടക ഈടാക്കി വിവാഹത്തിന് വിട്ടുനല്‍കിയതിനെതിരേ പ്രതിഷേധം

Update: 2022-08-02 03:48 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഒരു സ്വകാര്യ ചടങ്ങിന് 4 പോലിസ് ഉദ്യോഗസ്ഥന്മാരെ അനുവദിച്ച വകുപ്പ് നടപടിക്കെതിരേ പോലിസ് അസോസിയേഷന്‍ നേതാവ് രംഗത്ത്. ആഢംബര വേദികളിലെ പ്രദര്‍ശന വസ്തുവാക്കി കേരള പോലിസിനെ മാറ്റരുതെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ കേരള പോലിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ജി ബിജു വിമര്‍ശിച്ചു. ഇതിനെതിരേ മുഖ്യമന്ത്രിക്കും പോലിസ് മേധാവിക്കും നിവേദനം നല്‍കി. പാനൂര്‍ മൊകേരിയില്‍ ജൂലൈ 31ന് നടന്ന വിവാഹത്തിലാണ് പോലിസിനെ വാടകക്ക് നല്‍കിയത്. ഒരാള്‍ക്ക് 1400 രൂപ പ്രകാരം 5600 രൂപ ഈടാക്കി.

കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് വിവാഹത്തിന് പോലിസുകാരെ വാടകക്ക് നല്‍കിയത്. എന്നാല്‍ ഒപ്പിട്ടത് അഡീഷണല്‍ എസ്പി പി പി സദാനന്ദനാണ്. ഉത്തരവില്‍ ഉള്ളത് ഡിജിറ്റല്‍ ഒപ്പാണെന്നും തന്റെ അറിവോടെയല്ല ഒപ്പ് വച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

''സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുന്നതില്‍ സുരക്ഷ നല്‍കേണ്ട ഏതെങ്കിലും വ്യക്തികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സുരക്ഷ നല്‍കാന്‍ നിലവില്‍ തന്നെ വകുപ്പുകള്‍ ഉണ്ട്. അത് കൃത്യമായി പോലിസ് നല്‍കി വരുന്നുമുണ്ട്. ഒരു വ്യക്തിയുടെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്ന വിഐപിമാരുടെ സുരക്ഷ എന്നതും ഗൗരമായി കാണേണ്ടതാണ്. ആ വ്യക്തിയുടെ വിഐപി അയാളെ സംബന്ധിച്ച് മാത്രമാണ് വിഐപി. സംസ്ഥാന പോലിസിന് അവര്‍ വിഐപി ആകണമെന്നില്ല. ഇങ്ങനെ പലപ്പോഴും വിഐപി പരിവേഷം ഉണ്ടായിരുന്നവര്‍ അതിന് ശേഷം ആരോപണ വിധേയരായി മാറുന്നതും, പലരും ആരോപണങ്ങള്‍ ശരിവച്ച് ജയിലിലാകുന്നതും കണ്ടുവരുന്ന കാലമാണിത് എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും, ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തതോടെ ഇത്തരത്തില്‍ പോലിസ് സേവനത്തിനായി സമീപിക്കുന്ന അല്പന്മാരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്. തന്റെ വലുപ്പം മറ്റുള്ളവരെ അറിയിക്കാന്‍ ഒരു പോലിസ് ഉദ്യോഗസ്ഥന് 1400 രൂപ എന്നതിന് പകരം ഒരു ലക്ഷം വരെ അടയ്ക്കാനും തയ്യാറുള്ളവര്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ നിയമ വിരുദ്ധമായ ഈ നടപടി ആവര്‍ത്തിക്കാതിരിക്കേണ്ടതാണ്'- ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.