പക്ഷിച്ചിറകിലെ സവര്‍ക്കറുടെ യാത്ര വെറും രൂപകം മാത്രമോ?

Update: 2022-08-28 15:36 GMT

ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി ഹിന്ദുത്വ പ്രത്യയശാസ്ത്രകാരന്‍ ജയിലില്‍നിന്ന് മാതൃരാജ്യം സന്ദര്‍ശിക്കുമായിരുന്നുവെന്ന കര്‍ണാടക എട്ടാംക്ലാസ് പാഠപുസ്തകത്തിലെ പരാമര്‍ശം രൂപകമാണെന്ന് പാഠപുസ്തകകമ്മിറ്റി. എന്നാല്‍ ഈ ന്യായീകരണം ശരിയല്ലെന്നാണ് കര്‍ണാടകയിലെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ പരാമര്‍ശമനുസരിച്ച് സവര്‍ക്കര്‍ ഒരു ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി സെല്ലില്‍നിന്ന് പുറത്തുകടന്ന് മാതൃരാജ്യത്തെത്തുമെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.

'സവര്‍ക്കറെ തടവിലാക്കിയ സെല്ലില്‍ ഒരു ദ്വാരം പോലുമില്ലായിരുന്നു. പക്ഷേ, ബുള്‍ബുള്‍ പക്ഷികള്‍ മുറി സന്ദര്‍ശിക്കാറുണ്ടായിരുന്നു. സവര്‍ക്കര്‍ ചിറകിലിരുന്ന് പുറത്തേക്ക് പറന്ന് എല്ലാ ദിവസവും മാതൃഭൂമി സന്ദര്‍ശിക്കാറുണ്ടായിരുന്നു,' പുതിയ പാഠപുസ്തകത്തിലെ ഒരു ഭാഗം. പറയുന്നു.



ഈ ഭാഗം അക്ഷരാര്‍ത്ഥത്തില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നതെങ്കിലും രൂപകം മാത്രമാണെന്ന് പാഠപുസ്തക കമ്മിറ്റി അംഗങ്ങള്‍ പറയുന്നു.

എട്ടാം ക്ലാസിലെ സെക്കന്‍ഡ് ലാംഗ്വേജ് പാഠപുസ്തകത്തിലാണ് വി ഡി സവര്‍ക്കറെക്കുറിച്ചുള്ള പാഠം ഉള്‍പ്പെടുത്തിയിരിക്കുന്നത്. സവര്‍ക്കറെ കുട്ടികളെ പരിചയപ്പെടുത്തുകയാണ് ഉദ്ദേശ്യം. കര്‍ണാടകയിലെഎഴുത്തുകാരകനായ കെ ടി ഗട്ടി എഴുതിയ യാത്രാവിവരണത്തില്‍നിന്നാണ് ഈ ഭാഗം എടുത്തിരിക്കുന്നത്. 1911 മുതല്‍ 1924വരെയാണ് സവര്‍ക്കര്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ കിടന്നത്.

പാഠപുസ്‌കതത്തിലെ പരാമര്‍ശം ഉപമയോ രൂപകമോ അല്ലെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ പ്രിയംഗ് ഖാര്‍ഗെ പറയുന്നത്. എഴുതിയിരിക്കുന്നത് യഥാര്‍ത്ഥ സംഭവമെന്ന മട്ടിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

'ഇത് ഒരു രൂപകമാക്കാന്‍ ഉദ്ദേശിച്ചതായി തോന്നുന്നില്ല. സവര്‍ക്കര്‍ തടവിലാക്കിയ സെല്ലില്‍ ഒരു താക്കോല്‍ദ്വാരം പോലുമില്ലായിരുന്നു. പക്ഷേ, ബുള്‍ബുള്‍ പക്ഷികള്‍ മുറി സന്ദര്‍ശിക്കാറുണ്ടായിരുന്നു, സവര്‍ക്കര്‍ ചിറകിലിരുന്ന് പുറത്തേക്ക് പറന്ന് എല്ലാ ദിവസവും മാതൃഭൂമി സന്ദര്‍ശിക്കാറുണ്ടായിരുന്നു'- അദ്ദേഹം ട്വീറ്റ് ചെയ്തു.

അടുത്ത കാലത്ത് പിരിച്ചുവിട്ട കര്‍ണാടക പാഠപുസ്‌കത കമ്മിറ്റിയുടെ ചെയര്‍മാന്‍ രോഹിത് ചക്രതീര്‍ത്ഥ പറയുന്നത് ഇത് വെറും രൂപകമാണെന്നാണ്. ബുദ്ധിജീവികള്‍ക്ക് രൂപകങ്ങള്‍ പോലും മനസ്സിലാവാതായെന്ന് അദ്ദേഹം പരിഹസിച്ചു.

കാലത്തെ ജയിച്ചവര്‍ (കലാനാനു ഗദ്ദവാരു) എന്ന പേരിലുള്ള അധ്യായത്തിലാണ് ഈ ഭാഗം ഉള്ളത്. രക്തഗ്രൂപ്പ് എന്ന ഭാഗം ഒഴുവാക്കിയാണ് ഇത് ഉള്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച് പാഠപുസ്തക കമ്മിറ്റ് മൂന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഹിന്ദുത്വരുടെ പ്രധാന പ്രത്യയശാസ്ത്രക്കാരനാണ് വി ഡി സവര്‍ക്കര്‍. ഗാന്ധിവധത്തില്‍ പ്രതിയായിരുന്ന സവര്‍ക്കറെ തെളിവില്ലാത്തതിനാല്‍ വെറുതെവിടുകയായിരുന്നു.