തൂത്തുക്കുടിയില്‍ ലോക്ക് ഡൗണ്‍ സമയത്ത് കട തുറന്നെന്നാരോപിച്ച് പിതാവിനെയും മകനെയും കൊന്നതിനു പിന്നില്‍ ആര്‍എസ്എസ്സ്? ഫ്രണ്ട്‌സ്‌ ഓഫ് പോലിസ് പ്രവര്‍ത്തകരുടെ പങ്ക് അന്വേഷിക്കുന്നു

Update: 2020-07-05 18:06 GMT

തൂത്തുക്കുടി: തൂത്തുക്കുടിയിലെ സതങ്കുളത്ത് പിതാവിനെയും മകനെയും മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതിനുപിന്നില്‍ ആര്‍എസ്എസ് ആണെന്ന സംശയം ബലപ്പെടുന്നു. 'ഫ്രണ്ട്‌സ് ഓഫ് പോലിസ്' എന്ന പോലിസുകാര്‍ തന്നെ രൂപംകൊടുത്ത സംഘടനയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. പോലിസ് സ്‌റ്റേഷനില്‍ വച്ച് ഇരുവരെയും മര്‍ദ്ദിക്കുന്ന സമയത്ത് ഫ്രണ്ട്‌സ് ഓഫ് പോലിസ് പ്രവത്തകരില്‍ നാല് പേര്‍ സ്റ്റേഷനിലുണ്ടായിരുന്നുവെന്ന വിവരം നാട്ടുകാര്‍ തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്. കേസില്‍ പോലിസുകാരെ മാത്രം പ്രതിചേര്‍ത്ത് ആര്‍എസ്എസ്സുകാരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഉയര്‍ന്നിട്ടുള്ള മറ്റൊരു ഗുരുതരമായ ആരോപണം.

സതങ്കുളത്ത് പി ജയരാജ് (58), മകന്‍ ബെ(ഫെ)നിക്‌സ് (38) എന്നിവരാണ് ജൂണ്‍ 22 ന് പോലീസ് കസ്റ്റഡിയില്‍ നിന്ന് മോചിതരായി രണ്ട് ദിവസത്തിനു ശേഷം മരിച്ചത്. ലോക്ക്ഡൗണ്‍ സമയത്ത് അനുവദനീയമായ സമയത്തിനു ശേഷവും കടതുറന്നെന്ന് ആരോപിച്ചാണ് ഇരുവരെയും പോലിസ് കസ്റ്റഡിയിലെടുത്തത്. തൂത്തുക്കുടിയിലെ സതന്‍കുളം പോലീസ് സ്‌റ്റേഷനില്‍ രാത്രി മുഴുവന്‍ അച്ഛനെയും മകനെയും ലോക്കപ്പിലിട്ടു. അവിടെ ഇവരെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചു. പിന്നീട് ഇവരെ മോചിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചു.

ഈ കേസില്‍ പോലിസുകാരെ മാത്രം പ്രതിചേര്‍ത്ത് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇത് ആര്‍എസ്എസ്സിനു വേണ്ടിയാണെന്ന് നാട്ടുകാര്‍ കരുതുന്നു. ജയരാജും ഫെനിക്‌സും ലോക്കപ്പിലുള്ളസമയത്ത് പോലിസുകാര്‍ക്കൊപ്പം ഫ്രണ്ട്‌സ് ഓഫ് പോലിസ് പ്രവര്‍ത്തകരായ നാല് പേരും ഉണ്ടായിരുന്നു. ഇവരും മര്‍ദ്ദനത്തില്‍ പങ്കെടുത്തുവെന്നാണ് വിവരം. ഫ്രണ്ട്‌സ് ഓഫ് പോലിസ് ആര്‍എസ്എസ്പ്രവര്‍ത്തകരാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

രാമനാഥപുരത്തെ മുന്‍ എഎസ് പി പ്രദീപ് വി ഫിലിപ്പ് ആണ് ഫ്രണ്ട്‌സ് ഓഫ് പോലിസ് എന്ന ആശയത്തിനു പിന്നില്‍. പോലീസ് സേനയില്‍ ജോലി തേടുന്ന നിരവധി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പരിശീലനത്തിനും പോലീസുകാരെ സഹായിക്കുന്നതിനുമായി ഈ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള 15 മുതല്‍ 20 വരെ പേര്‍ തമിഴ്‌നാട്ടിലെ ഓരോ പോലിസ് സ്‌റ്റേഷനിലുമുണ്ട്.

തമിഴ്‌നാട്ടിലുടനീളം 34 ഫ്രണ്ട്‌സ് ഓഫ് പോലിസ് ജില്ലാ കോര്‍ഡിനേറ്റര്‍മാരുണ്ട്. രാത്രി പട്രോളിംഗ്, റോഡ് ട്രാഫിക് മാനേജുമെന്റ്, സുരക്ഷാ നടപടികള്‍, രക്തദാനം തുടങ്ങിയവയാണ് ഇവരുടെ പ്രവര്‍ത്തന മേഖല. അടുത്ത കാലത്തായി, ക്രിമിനല്‍ കേസുകളിലും കര്‍ഫ്യൂ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിലും ഇവരുടെ സേവനം പോലിസ് ഉപയോഗിക്കാറുണ്ട്. 


 ഗണപതി, കൃഷ്ണന്‍, ജേക്കബ്, എലിസ എന്നീ നാല് പേരാണ് മര്‍ദ്ദനം നടക്കുന്ന സമയത്ത് പോലിസ് സ്‌റ്റേഷനിലുണ്ടായിരുന്നത്. ഇവര്‍ ഫ്രണ്ട്‌സ് ഓഫ് പോലിസ് അംഗങ്ങളല്ലെന്നാണ് പോലിസ് പറയുന്നത്. ഇവര്‍ ആര്‍എസ്എസ് സംഘടനയായ സേവാ ഭാരതിക്കാരാണെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം. ഫ്രണ്ട്‌സ് ഓഫ് പോലിസിലേക്ക് സേവാഭാരതിയില്‍ നിന്നും മറ്റ് ആര്‍എസ്എസ്സ് സംഘടനകളില്‍ നിന്നും പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാറുണ്ട്. ഈ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ ആര്‍എസ്എസ്സുകാര്‍ തന്നെയാണെന്ന് നാട്ടുകാരെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

യുപി സര്‍ക്കാരും ഇതുപോലെ ഒരു സംഘത്തെ തീറ്റിപ്പോറ്റുണ്ട് പോലിസ് മിത്ര എന്ന പേരില്‍. പോലിസ് മിത്ര ആര്‍എസ്എസ്സിന്റെ ഹിന്ദു യുവവാഹിനി വേഷം മാറിയതാണെന്നാണ് പറയപ്പെടുന്നത്. 

Tags:    

Similar News