'സിപിഎമ്മിന്റെ സൈബര്‍ രംഗത്ത് ഇടപെടുന്നവര്‍ക്ക് മമ്മൂട്ടിയെ മനസിലാകാത്ത കാലമായോ?'; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി
വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തിലും തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തിലും നടന്‍ മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തിലും തുടര്‍ന്നുള്ള ഇടത് അണികളുടെ സൈബര്‍ ആക്രമണത്തിലും നടന്‍ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മഹാനടനെ മനസിലാക്കാത്തവരാണ് സൈബര്‍ ആക്രമണം നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നന്മ മാത്രം വിചാരിച്ച് ചെയ്ത പ്രവൃത്തി ആയിരുന്നു ആ യാത്രയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രി ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മമ്മൂട്ടി നടത്തിയത് സ്വഭാവികമായ പ്രതികരണമാണ്. എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടല്ലോ. തീര്‍ത്തും സ്വകാര്യമായി പറഞ്ഞ ഒരു കാര്യമാണത്. ഒരു ക്യാമറയ്ക്കും മുന്നില്‍ നടന്നതല്ല. ഇന്ന് ക്യാമറയും ശരീരത്തില്‍ വച്ച് നടക്കുന്ന നിരവധിപേര്‍ ഉണ്ട്. വിവാദമാക്കാന്‍ താല്പര്യമുള്ളവര്‍ അത് പ്രചരിപ്പിച്ചു. പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ മമ്മൂട്ടിയെ വലിയ തോതില്‍ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായി. എന്തൊരു നിര്‍ഭാഗ്യകരമായ സ്ഥിതിയാണ്. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആരെയും അറിയിച്ചശേഷമല്ല വയനാട് ടൗണ്‍ഷിപ്പ് കാണാന്‍ മമ്മൂട്ടിയെത്തിയത്. ചെന്നൈയില്‍ നിന്ന് യാത്ര ചെയ്താണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. ആരെയും അറിയിക്കാത്ത യാത്രയായിരുന്നു അത്. നന്മ മാത്രം വിചാരിച്ച് ചെയ്ത പ്രവൃത്തി ആയിരുന്നു ആ യാത്ര. എന്നാല്‍, നമ്മുടെ നാട്ടില്‍ എന്തിനേയും വിവാദമാക്കുന്ന ചിലരുണ്ട്. നല്ല നിലയില്‍ ഇടപെടുന്നയാളാണ് സിപിഎം ജില്ലാ സെക്രട്ടറിയായ കെ റഫീഖ്. മമ്മൂട്ടി സ്വകാര്യമായി പറഞ്ഞ കാര്യം ക്യാമറ വസ്ത്രത്തില്‍ വെച്ച് നടക്കുന്നവര്‍ വിവാദമാക്കി. സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ പോരാളികള്‍ മമ്മൂട്ടിയെ ആക്രമിച്ചു എന്ന് വാര്‍ത്തയായി. സിപിഎമ്മിന്റെ സൈബര്‍ രംഗത്ത് ഇടപെടുന്നവര്‍ക്ക് മമ്മൂട്ടിയെ മനസിലാകാത്ത കാലമായോ? മലയാളത്തിന്റെ മഹാനടന് മനസിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍, അതില്‍ സിപിഎമ്മുകാര്‍ക്ക് ബന്ധമുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ല സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി മാറി നില്‍ക്കാന്‍ പറഞ്ഞതിനു പിന്നാലെയായിരുന്നു സിപിഎം കേന്ദ്രങ്ങളുടെ സൈബര്‍ ആക്രമണം. നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഇതോടെ സന്ദര്‍ശനം വിവാദമാവുകയും ചെയ്തു. സംഭവത്തില്‍ കെ റഫീഖ് അടുത്ത ദിവസം വിശദീകരണം നല്‍കിയിരുന്നു. മനപൂര്‍വ്വം തന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞെന്നും ഫോണില്‍ വിളിച്ച് സംസാരിച്ചെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. തന്റെ ഇടപെടലുകളില്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി തന്നോട് പങ്കുവെച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ റഫീഖ് പറഞ്ഞു.

