ഡല്‍ഹി കൊവിഡിന്റെ പിടിയില്‍ നിന്ന് കരകയറുകയാണോ? മരണവും പുതിയ രോഗികളുടെ എണ്ണവും കുറഞ്ഞതായി കെജ്രിവാള്‍

Update: 2020-08-02 17:21 GMT

ന്യൂഡല്‍ഹി: മുഖ്യമന്ത്രി കെജ്രിവാള്‍ പറയുന്നത് ശരിയാണെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് ആശ്വാസ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ജൂണ്‍ 9നു ശേഷം ഏറ്റവും കുറവ് കൊവിഡ് മരണമാണ് ഇന്ന് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. അതിനും പുറമെ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി രോഗികളുടെ എണ്ണം ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഉയര്‍ന്നത്. പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തിനുള്ളില്‍ ഒതുക്കാനുമായി. 

കൊവിഡ് വ്യാപനം താഴുന്ന സാഹചര്യത്തില്‍ കൂടുതല്‍ കഠിനമായി പ്രവര്‍ത്തിക്കണമെന്ന് കെജ്രിവാള്‍ ആഹ്വാനം ചെയ്തു. ഏതാനും ദിവസം മുമ്പ് നടന്ന സര്‍വെയില്‍ ജനസംഖ്യയുടെ അഞ്ചിലൊന്നിനെയും കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 1,37,677 ആണെങ്കിലും സജീവ കേസുകള്‍ 10,356 ആയി കുറഞ്ഞിട്ടുണ്ട്. ഇന്ന് 15 പേര്‍ മരിച്ചു. ഇതുവരെ 4004 പേരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം ജീവന്‍ വെടിഞ്ഞത്.

''സംസ്ഥാനത്ത് 2-3ശതമാനം കൊവിഡ് രോഗികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. പക്ഷേ, ഇപ്പോള്‍ മരണനിരക്ക് കുറഞ്ഞുവരിയാണ്''- കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് ആവശ്യത്തിന് ചികില്‍സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

ജൂണ്‍ മാസത്തില്‍ കൊവിഡ് ബാധയില്‍ മഹാരാഷ്ട്രയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഡല്‍ഹിയുടെ സ്ഥാനം. ഇപ്പോള്‍ 89 ശതമാനം രോഗമുക്തി നിരക്ക് കൈവരിച്ച ഡല്‍ഹി ഇന്ത്യയില്‍ നാലാം സ്ഥാനത്താണ്. പുതിയ രോഗബാധിതരുടെ എണ്ണത്തിലും കുറവുണ്ട്.

മെയ് 28 മുതല്‍ ദിനംപ്രതി ആയിരത്തില്‍ അധികമായിരുന്നു ഡല്‍ഹിയിലെ പുതിയ രോഗികളുടെ എണ്ണം. ജൂണ്‍ പകുതിയായതോടെ ഇത് ശരാശരി 2000 ആയി വര്‍ധിച്ചു. ജൂണ്‍ 23 ന് 3,947 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീടത് കുറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആയിരത്തോടടുത്തു. ഇന്ന് ആയിരത്തില്‍ താഴേക്കു പോയി.  

Similar News