'ആറ്റുകാലമ്മ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടോ?'; ഫ്ളക്സ് ബോര്‍ഡുകള്‍ വര്‍ധിക്കുന്നതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Update: 2026-02-19 14:39 GMT

കൊച്ചി: ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്ന് ഹൈക്കോടതി. ആറ്റുകാലമ്മ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. ഫ്‌ളക്‌സ് ബോര്‍ഡ് നിരോധനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. രാഷ്ട്രീയക്കാരും സിനിമാക്കാരും ബോര്‍ഡ് വെക്കുന്നത് മനസിലാക്കാമെന്നും ആറ്റുകലാമ്മയുടെ പേരില്‍ എന്തിനാണ് ബോര്‍ഡ് എന്നും ഹൈക്കോടതി ചോദിച്ചു. സ്പോണ്‍സര്‍മാരുടെ മുഖം വരാനാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്ന് വിമര്‍ശിച്ച ഹൈക്കോടതി, അനധികൃതമായി സ്ഥാപിച്ച ഫ്ളക്സുകള്‍ എത്രയുംവേഗം നീക്കംചെയ്യാനും നിര്‍ദേശം നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതായിരുന്നു വിമര്‍ശനം.

പൊതുസ്ഥലങ്ങളില്‍ അനധികൃതമായി ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുന്നത് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു. ഇതിനിടെയാണ് ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ വിവിധ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. നിയമലംഘനങ്ങളില്‍ നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കുറ്റക്കാരില്‍ നിന്നും പിഴ ഈടാക്കണമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് സംസ്ഥാനത്ത് ഫ്‌ളക്‌സുകളുടെ എണ്ണം ഉയരുന്നത്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

അമിക്കസ് ക്യുറി വഴിയാണ് ഈ വിവരങ്ങള്‍ കോടതിയിലെത്തിയത്. തുടര്‍ന്ന് അനധികൃത ഫ്ളക്സ് ബോര്‍ഡുകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ഫ്ളക്സ് സ്ഥാപിക്കുന്നതെന്നും ആറ്റുകാലമ്മ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചത്. തിരുവനന്തപുരം നഗരത്തില്‍ അനധികൃത ബോര്‍ഡുകളുണ്ടെങ്കില്‍ ഇതെല്ലാം മാറ്റണമെന്നും കോടതി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

ദൈവങ്ങളുടെ പേരില്‍ ചിലര്‍ ഫ്‌ളക്‌സ് ബോര്‍ഡ് വയ്ക്കുകയാണ്. ഇത് ദൈവത്തിന്റെയോ വിശ്വാസത്തിന്റോയോ പ്രശ്‌നമല്ല. ബോര്‍ഡ് വയ്ക്കുന്നവര്‍ക്ക് തങ്ങളുടെ മുഖം വരാനാണ് ഫ്ളക്സുകള്‍ വയ്ക്കുന്നതെന്നും കോടതി പരാമര്‍ശിച്ചു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഫ്‌ളക്‌സുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നുണ്ടെന്ന് അമിക്യസ്‌ക്യൂറി കോടതിയെ അറിയിച്ചു. നിയമലംഘനത്തില്‍ വിശദീകരണം നല്‍കാന്‍ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍മാര്‍ ഓണ്‍ലൈനില്‍ ഹാജരായി. നിയമലംഘനത്തില്‍ സ്വീകരിച്ച നടപടി റിപോര്‍ട്ട് കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ഹാജരായത്. നോട്ടീസ് വൈകിയാണ് ലഭിച്ചതെന്നും സാവകാശം വേണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 10 ദിവസത്തെ സമയം കോടതി അനുവദിച്ചു.

Tags: