കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗുരുതര ക്രമക്കേട്; ചാന്‍സലറുടെ അധികാരമുള്ളിടത്തോളം കാലം നിയമലംഘനം അനുവദിക്കില്ലെന്നും ഗവര്‍ണര്‍

സ്വജനപക്ഷപാതം അനുവദിക്കില്ല

Update: 2022-08-16 13:17 GMT

തിരുവനന്തപുരം: ചാന്‍സലറുടെ അധികാരമുള്ളിടത്തോളം കാലം നിയമലംഘനം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വജനപക്ഷപാതം അനുവദിക്കില്ല. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗുരുതര ക്രമക്കേടുകളുണ്ടെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു.

അതേസമയം, വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വിസിയെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ തീരുമാനിക്കും. ഈ മാസം 22ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ഗവര്‍ണറുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ഒരുങ്ങുന്നുവെന്ന് സൂചന നല്‍കുന്നതാണ് ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനം. വിസിമാരെ തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ തീരുമാനിക്കുന്നതു കൂടാതെ സര്‍ക്കാര്‍ പ്രതിനിധിയെയും ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാനെയും ഉള്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരിക്കും സമിതി കണ്‍വീനര്‍.

സര്‍ക്കാര്‍, സിന്‍ഡിക്കേറ്റ്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ എന്നിവയുടെ പ്രതിനിധികളുടെ ബലത്തില്‍ സര്‍ക്കാരിന് സമിതിയില്‍ മേല്‍ക്കൈ കിട്ടും. ഈ സമിതി ഭൂരിപക്ഷാഭിപ്രായ പ്രകാരം നല്‍കുന്ന മൂന്ന് പേരുടെ പാനലില്‍ നിന്നാകണം ഗവര്‍ണര്‍ വിസിയെ നിയമിക്കേണ്ടതെന്ന വ്യവസ്ഥയും കൊണ്ടുവരുന്നുണ്ട്. ഇതോടെ വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയും. 

Tags: