ബാഗ്ദാദ്: പശ്ചിമേഷ്യയിലെ നിര്‍ണായക വ്യാപാരസുരക്ഷാ കവാടങ്ങളിലൊന്നായ ഇറാഖ് സിറിയ റാബിയയാറൂബിയ അതിര്‍ത്തി 13 വര്‍ഷത്തിന് ശേഷം വീണ്ടും തുറന്നു. യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും കാരണം ദീര്‍ഘകാലമായി അടച്ചിട്ടിരുന്ന അതിര്‍ത്തിയാണ് ഇപ്പോള്‍ വീണ്ടും സജീവമായത്.
ഇറാഖിന്റെയും സിറിയയുടെയും സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് അതിര്‍ത്തി തുറക്കല്‍ നിര്‍ണായകമെന്ന നിലയിലാണ് പുതിയ തീരുമാനം. അതിര്‍ത്തി പുനരാരംഭിച്ചതോടെ ചരക്ക് ഗതാഗതം സുഗമമാകുകയും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം ശക്തിപ്പെടുകയും ചെയ്യും. ഹോര്‍മുസ് കടലിടുക്ക് ആശ്രയിക്കാതെ സിറിയന്‍ തുറമുഖങ്ങള്‍ വഴി മെഡിറ്ററേനിയന്‍ കടലിലേക്ക് എണ്ണ എത്തിക്കാനുള്ള ബദല്‍ മാര്‍ഗമായും ഈ അതിര്‍ത്തി വിലയിരുത്തപ്പെടുന്നു. ഇറാഖിന്റെ മൊത്തം വരുമാനത്തിന്റെ ഭൂരിഭാഗവും എണ്ണ കയറ്റുമതിയിലാണ് ആശ്രയിക്കുന്നത്.
ഇറാഖിലെ നിനവെ പ്രവിശ്യയെയും സിറിയയിലെ ഹസാക്ക പ്രവിശ്യയെയും ബന്ധിപ്പിക്കുന്ന അതിര്‍ത്തി വഴിയാണ് പുതിയ ഗതാഗത സൗകര്യം സാധ്യമാകുന്നത്. സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സന റിപോര്‍ട്ട് ചെയ്തതനുസരിച്ച്, എണ്ണ കൈമാറ്റവും വ്യാപാരവും വര്‍ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി. അതേസമയം, മേഖലയില്‍ ഇപ്പോഴും കുര്‍ദിഷ് സേനകളുടെയും വിവിധ സായുധ ഗ്രൂപ്പുകളുടെയും സാന്നിധ്യം വെല്ലുവിളിയായി തുടരുന്നുണ്ട്. വര്‍ഷങ്ങളായുള്ള യുദ്ധത്തില്‍ തകര്‍ന്ന റോഡുകളും പൈപ്പ് ലൈനുകളും പുനര്‍നിര്‍മ്മിക്കേണ്ടതും അടിയന്തര ആവശ്യമായി തുടരുകയാണ്.
