സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് വഴങ്ങില്ല; ഭീഷണിയുടെ നിഴലില്‍ ചര്‍ച്ചകള്‍ നടത്തുന്നത് ഇറാന്റെ നയമല്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍

Update: 2026-04-21 05:46 GMT

തെഹ്റാന്‍: അമേരിക്കന്‍ ഉപരോധത്തിനും ഭീഷണികള്‍ക്കും വഴങ്ങി യാതൊരു ചര്‍ച്ചയും നടത്തില്ലെന്ന് ഇറാന്‍. സമാധാന ചര്‍ച്ചകളെ കീഴടങ്ങുന്നതിനുള്ള വേദിയാക്കി മാറ്റാന്‍ ഡോണള്‍ഡ് ട്രംപ് ശ്രമിക്കുകയാണെന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലീബാഫ് ആരോപിച്ചു.

ട്രംപിന്റെ നയങ്ങള്‍ക്കെതിരേ കടുത്ത ഭാഷയിലാണ് ഖാലിബാഫ് പ്രതികരിച്ചത്. സമാധാനപരമായ ചര്‍ച്ചകള്‍ക്ക് ഇറാന്‍ എപ്പോഴും തയ്യാറാണ്. എന്നാല്‍, അത് പരസ്പര ബഹുമാനത്തോടെയും അന്തസ്സോടെയും ആയിരിക്കണം. ഉപരോധങ്ങളും സൈനിക ഭീഷണികളും ഉയര്‍ത്തിക്കൊണ്ട് ചര്‍ച്ചാ മേശയിലേക്ക് ഇറാനെ എത്തിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീഷണിയുടെ നിഴലില്‍ ചര്‍ച്ചകള്‍ നടത്തുന്നത് ഇറാന്റെ നയമല്ലെന്നും അമേരിക്കയുടെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീഷണികള്‍ക്ക് കീഴില്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ പുതിയ 'യുദ്ധ തന്ത്രങ്ങള്‍' പുറത്തെടുക്കാന്‍ ഇറാന്‍ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Tags: