പ്രവാചകനിന്ദ ചര്‍ച്ചാവിഷയമായെന്ന നിലപാട് ഇറാന്‍ ഉപേക്ഷിച്ചെന്ന് വിദേശകാര്യമന്ത്രാലയം

Update: 2022-06-09 16:40 GMT

ന്യൂഡല്‍ഹി: ഇറാനുമായി ഇന്ന് നടന്ന ചര്‍ച്ചയില്‍ പ്രവാചകനിന്ദ പ്രശ്‌നം ഉന്നയിച്ചുവെന്ന അവകാശവാദം ഇറാന്‍തന്നെ പിന്‍വലിച്ചെന്ന് വിദേശകാര്യമന്ത്രാലയം. ഇറാന്റെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മന്ത്രായത്തിലെ വക്താവായ അരിന്ദം ബഗാച്ചിയാണ് ഇക്കാര്യം അറിയിച്ചിത്.

'രണ്ട് രാഷ്ട്രങ്ങളുടെ മുതിര്‍ന്ന പ്രതിനിധികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് കരുതുന്നു. എന്റെ അറിവനുസരിച്ച് ഇറാന്‍ ആ അവകാശവാദം പിന്‍വലിച്ചു'- അദ്ദേഹം പറഞ്ഞു.

പ്രവാചകനിന്ദാ പരാമര്‍ശം സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്നും അത്തരം പ്രസ്താവന നടത്തിയ നേതാവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായാണ്് അറിവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഇറാനെയും അറിയിച്ചിട്ടുണ്ട്.

നൂപുര്‍ ശര്‍മയാണ് പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയത്. അതിനെതിരേ ലോകമാസകലം പ്രതിഷേധം ഉയരുകയും ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായ നിലപാടെടുക്കുകയും ചെയ്തത്.

ഇറാന്‍- ഇന്ത്യ വിദേശകാര്യമന്ത്രിമാരും സുരക്ഷ് ഉപദേഷ്ടാവ് അജിത് ഡോവലും തമ്മില്‍ നടന്ന ചര്‍ച്ചക്കുശേഷമാണ് ഇറാന്‍ വിദേശകാര്യമന്ത്രി പ്രവാചകനിന്ദാ പ്രശ്‌നം ചര്‍ച്ചയുടെ ഭാഗമായിരുന്നെന്ന് പറഞ്ഞത്.

'ഇറാന്‍ ഇന്ത്യ ഉഭയകക്ഷി ബന്ധം ഉറപ്പുവരുത്തുന്നതിനും സംഭാഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി ജയ്ശങ്കര്‍, മറ്റ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ കണ്ടതില്‍ സന്തോഷമുണ്ട്. മതങ്ങളെയും ഇസ്‌ലാം പവിത്രമാണെന്ന് കരുതുന്നതിനെയും ബഹുമാനിക്കേണ്ടതിന്റെയും വിഭജന പ്രസ്താവനകള്‍ ഒഴിവാക്കുന്നതിന്റെയും ആവശ്യകതയില്‍ ഇരുരാജ്യങ്ങള്‍ക്കും യോജിപ്പാണ്. ഇറാന്‍ വിദേശകാര്യമന്ത്രിയുടെ ട്വീറ്റ് ഇതാണ്.

ഈ നിലപാട് പിന്‍വലിച്ചെന്നാണ് വിദേശകാര്യമന്ത്രാലയം ഇപ്പോള്‍ പറയുന്നത്.