അയല്‍രാജ്യങ്ങളെ ലക്ഷ്യമിടില്ല; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതെന്ന് ഇറാന്‍ പ്രസിഡന്റ്
തെഹ്‌റാന്‍: ഗള്‍ഫ് മേഖലയിലെ സൈനിക നടപടികളെക്കുറിച്ചുള്ള തന്റെ മുന്‍ പ്രസ്താവനകള്‍ ശത്രുക്കള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന വിശദീകരണവുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. അയല്‍രാജ്യങ്ങളുമായി ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ് പ്രസ്താവനകള്‍ തെറ്റായി അവതരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള സൈനിക നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് പെസെഷ്‌കിയാന്‍ മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ അയല്‍രാജ്യങ്ങളില്‍ നിന്ന് ആക്രമണമോ അതിനുള്ള ശ്രമമോ ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹം വീണ്ടും മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ആക്രമിക്കപ്പെടുന്നതുവരെ അയല്‍രാജ്യങ്ങളെ ലക്ഷ്യമിടില്ലെന്നും അനിവാര്യമായ സാഹചര്യത്തില്‍ പ്രതികരിക്കാന്‍ രാജ്യം നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അയല്‍രാജ്യങ്ങളെ സഹോദരങ്ങളായി കാണുന്നതായും മേഖലയിലെ രാജ്യങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും പെസെഷ്‌കിയാന്‍ ആവശ്യപ്പെട്ടു. പ്രാദേശിക രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ യുഎസിനും ഇസ്രായേലിനും അവസരം നല്‍കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ബാഹ്യ ശക്തികളുടെ ഇടപെടലില്ലാതെ തന്നെ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനാഈയെ കൊലപ്പെടുത്തിയതിന് ഡോണള്‍ഡ് ട്രംപ് 'വില നല്‍കേണ്ടിവരുമെന്ന്'' ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി മുന്നറിയിപ്പ് നല്‍കി. ''നമ്മുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് ഞങ്ങള്‍ നിഷ്‌കരുണം പ്രതികാരം ചെയ്യും. ട്രംപ് വില നല്‍കണം,'' ലാരിജാനി എക്സില്‍ കുറിച്ചു.
എന്നാല്‍ ഭീഷണിയെ തള്ളിക്കളഞ്ഞ ട്രംപ്, ലാരിജാനിയെ തനിക്ക് അറിയില്ലെന്നും ഇറാനെതിരായ അമേരിക്കന്‍ ആക്രമണം തുടരുമെന്നും പ്രതികരിച്ചു. തെഹ്‌റാന്‍ നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
