ഇറാന്റെ വ്യാപക തിരിച്ചടി; പശ്ചിമേഷ്യയില്‍ 27 യുഎസ് താവളങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം
തെഹ്‌റാന്‍: യുഎസും ഇസ്രായേലും നടത്തിയ സംയുക്ത സൈനിക നടപടിയില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടെതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാന്‍. പശ്ചിമേഷ്യന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന 27 യുഎസ് സൈനിക താവളങ്ങളുള്‍പ്പെടെയുള്ള കേന്ദ്രങ്ങളെയാണ് ഇറാന്‍ ലക്ഷ്യമിട്ടതെന്നാണ് റിപോര്‍ട്ട്.
ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ഇതുവരെ കാണാത്ത ശക്തമായ മറുപടി നല്‍കുമെന്ന മുന്നറിയിപ്പ് ഇറാന്‍ നല്‍കിയിരുന്നു. അതിന്റെ ഭാഗമായാണ് ഇറാഖിലെ ഇര്‍ബില്‍ നഗരത്തിലുള്ള യുഎസ് സൈനിക താവളത്തിനുനേരെയും ആക്രമണം നടന്നത്. പശ്ചിമേഷ്യയിലുടനീളമുള്ള എല്ലാ ഇസ്രായേലി-അമേരിക്കന്‍ സൈനിക ലക്ഷ്യങ്ങളും ഇറാനിയന്‍ മിസൈല്‍ ആക്രമണങ്ങള്‍ക്ക് വിധേയമായതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സ് അവകാശപ്പെട്ടു. 'ശത്രു നിര്‍ണായകമായി പരാജയപ്പെടുന്നതുവരെ ഈ നടപടി തുടരുമെന്ന്' അവര്‍ വ്യക്തമാക്കി. മേഖലയില്‍ ഉള്ള എല്ലാ അമേരിക്കന്‍ ആസ്തികളും ലക്ഷ്യമാക്കുമെന്നും ഇറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇറാനിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹമീദ് ഗന്‍ബാരി, നിലവിലെ സൈനിക സംഘര്‍ഷം മൂലമുണ്ടാകുന്ന മാനുഷിക നഷ്ടങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു.