ഉന്നത കലാലയങ്ങളിലെ ജാതി-മത -വംശീയ വിവേചനങ്ങള്‍ക്കെതിരെ രോഹിത് വെമുല ആക്ട് നടപ്പിലാക്കണമെന്ന് ഇഖ്റ-എം എസ് എഫ്
കോഴിക്കോട്: ഉന്നത കലാലയങ്ങളിലെ ജാതി-മത -വംശീയ വിവേചനങ്ങള്‍ക്കെതിരെ രോഹിത് വെമുല ആക്ട് നടപ്പിലാക്കണമെന്ന് മുസ് ലിം ലീഗിന്റെ ഗവേഷക വിദ്യാര്‍ത്ഥി കൂട്ടായ്മ ഇഖ്റ-എം എസ് എഫ്.
രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ അനുദിനം ആവര്‍ത്തിക്കപ്പെടുന്ന മരണങ്ങളും ആത്മഹത്യകളും ജാതി-മത വംശീയ വിവേചനങ്ങളുടെ ഭാഗമാണെന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നു. ഐഐ ടി മദ്രാസിലെ ഹ്യൂമാനിറ്റീസ് & സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ വിപിന്‍ പി വി യുടെ രാജി ഇതിന്റെ അവസാന ഉദാഹരണമാണ്. താനടക്കമുള്ള എസ്‌സി /എസ്ടി/ ഒബിസി വിദ്യാര്‍ത്ഥികളും അധ്യാപകരുമെല്ലാം ജാതീയമായ വിവേചനം നേരിടുന്നുവെന്നും, അതിനെതിരെ അധികൃതര്‍ മൗനം നടിക്കുകയാണെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന സമൂഹം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 2019ല്‍ ഇതേ സ്ഥാപനത്തില്‍ മറ്റൊരു മലയാളി കൂടിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് (19) മതപരമായ വിവേചനത്തിന്റെ പശ്ചാത്തലത്തില്‍ ആത്മഹത്യ ചെയ്തിരുന്നു. അന്ന് വിവിധ വിദ്യാര്‍ത്ഥി-പിന്നോക്ക-മത സംഘടനകളും, സര്‍ക്കാരുകളും പ്രതിഷേധിക്കുകയും, അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമായി നടത്തിയെങ്കിലും, പിന്നീട് അവയെല്ലാം വൃഥാവിലായി. അന്ന് ഐഐടി മദ്രാസിലെ കുറ്റക്കാരായ ആളുകള്‍ക്കെതിരെ വലിയ രീതിയിലുള്ള നടപടികള്‍ എടുക്കാത്തതും, യുജിസി അടക്കമുള്ള സംവിധാങ്ങളുടെ നിഷ്‌ക്രിയത്വവുമെല്ലാം വീണ്ടും അതേ മനോഭാവമുള്ള ആളുകള്‍ക്ക് തങ്ങളുടെ മനസ്ഥിതി തുടരാന്‍ വീണ്ടും ഇടയാക്കിയിരിക്കുന്നു. അതിന്റെ അവസാന ഉദാഹരണം കൂടിയാണ് അസിസ്റ്റന്റ് പ്രൊഫെസര്‍ വിപിന്റെ രാജി- സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കാലാകാലങ്ങളായി വിവിധ കലാലയങ്ങളില്‍ ഇതേ കാര്യങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍, ഇനിയെങ്കിലും അധികൃതര്‍ മൗനം നടിക്കുന്നത് ഒഴിവാക്കുകയും അതാത് സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാരിതര കോര്‍പ്പറേഷനുകളും ഇതിനെതിരെ കൂടുതല്‍ ശബ്ദമുയര്‍ത്തേണ്ടതും പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക-നിയമ സഹായങ്ങള്‍ ഉറപ്പു വരുത്തേണ്ടതും അത്യാവശ്യമാണ്. 2014 - 2019 കാലഘട്ടത്തില്‍ വിവിധ ഐഐടികളില്‍ മരണപ്പെട്ട ആളുകളില്‍ ഭൂരിഭാഗവും ഐഐടി മദ്രാസില്‍ നിന്നാണെന്നു എംഎച്ച്ആര്‍ഡി പുറത്തു വിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാവുന്നു. ഐഐടികളില്‍ നിന്ന് ഡ്രോപ്ഔട്ട് ആകുന്ന വിദ്യാര്‍ത്ഥികളില്‍ 48 ശതമാനവും സംവരണ സമുദായങ്ങളില്‍ നിന്നാണെന്നുള്ള ലോക്‌സഭയിലെ കേന്ദ്ര സര്‍ക്കാര്‍ മറുപടിയും അതോടൊപ്പം തന്നെ ചേര്‍ത്തു വായിക്കേണ്ടതാണ്. 2016-ല്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ മരണം രാജ്യത്തെ ആകമാനം പിടിച്ചു കുലുക്കിയ സമര പരമ്പരകളിലേക്ക് നയിച്ചിട്ട് പോലും, വര്‍ഷങ്ങള്‍ക്കിപ്പുറം ഉന്നത കലാലയങ്ങളില്‍ ഉച്ച നീചത്വങ്ങളും, പിന്നാക്ക വിഭാഗങ്ങളോടുള്ള അലംഭാവ-ആക്രമണ ത്വരതയിലും മാറ്റങ്ങള്‍ വരാത്തത് പ്രതിഷേധാര്‍ഹമാണ്.
ആവര്‍ത്തിക്കപ്പെടുന്ന ജാതി-മത വിവേചനവും, വംശീയതയും അവസാനിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, യുജിസി പോലുള്ള സ്ഥാപനങ്ങളും എത്രയും പെട്ടെന്ന് ഊര്‍ജ്ജിതമാക്കണമെന്നും ഇഖ്റ-എം എസ് എഫ് ആവശ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയരായവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം അക്കാദമിക തലങ്ങളിലെ തരംതാഴ്ത്തലുകളടക്കമുള്ള ശിക്ഷകള്‍ക്ക് വിധേയരാക്കാനും സര്‍ക്കാര്‍ നിലപാട് സ്വീകരിക്കണം. അതോടൊപ്പം, പിന്നോക്ക-അവശ വിഭാഗങ്ങള്‍ക്ക് ഭീതിയില്ലാതെ പഠന-ഗവേഷണ കാര്യങ്ങളില്‍ ഓരോ കലാലയങ്ങളിലും സ്വാതന്ത്രത്തോടെ പ്രവര്‍ത്തിക്കാനും, തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെയോ, കമ്മിറ്റികളെയോ നിയമിക്കാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വേര്‍തിരിവുകള്‍ ഇല്ലായ്മ ചെയ്യുന്നതിനായി രോഹിത് വെമുല ആക്ട് നിര്‍മ്മാണങ്ങളടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനും ഭരണകര്‍ത്താക്കള്‍ മുന്‍കയ്യെടുക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

