മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ഇനി ഐപിഎസുകാര്‍ക്കും; വനിതാ പോലിസുകാര്‍ക്ക് നിലവിലെ മാനദണ്ഡങ്ങളില്‍ ഇളവ്

സംസ്ഥാന പോലിസ് മേധാവിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി

Update: 2022-04-08 06:57 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ഇനിമുതല്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കും. ഇതിനായി മെഡലുകളുടെ എണ്ണം 300 ആയി ഉയര്‍ത്തി. ഐപിഎസ് ഇല്ലാത്ത എസ്പിമാര്‍ക്ക് വരെയായിരുന്നു ഇതുവരെ മെഡലുകള്‍ നല്‍കിയിരുന്നത്.

വിശിഷ്ടസേവനത്തിനും ധീരതക്കുമാണ് മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്മാനിക്കുന്നത്. പോലിസ് സേനയില്‍ ഐപിഎസ് ഒഴികെയുള്ള എസ്പിമാര്‍ വരെയുള്ളവര്‍ക്ക് നല്‍കിയിരുന്ന മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ഇനി മുതല്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും ലഭിക്കും. ഫീല്‍ഡ് വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ നല്‍കുന്നത്. സംസ്ഥാന പോലിസ് മേധാവിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. 285 മെഡലുകളാണ് ഇത് വരെ ഉണ്ടായിരുന്നത്. ഇത് 300 ആയി ഉയര്‍ത്തി. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥര്‍ക്കും മെഡല്‍ ലഭിക്കും. വനിതാ പോലിസുകാര്‍ക്ക് നിലവിലെ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കും. വനിതകള്‍ക്ക് 7 വര്‍ഷത്തെ സര്‍വീസുണ്ടെങ്കില്‍ മെഡലിന് യോഗ്യതയാകും. അര്‍ഹരായവരെ മേലുദ്ദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ നാമനിര്‍ദേശം ചെയ്യാം.

അതേ സമയം, മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍ക്കാരുമായി അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ പോലിസ് മെഡലുകള്‍ സ്വന്തമാക്കുന്നതായി ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ഒരു ഡിവൈഎസ്പിയില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മെഡല്‍ തിരികെ വാങ്ങുകയും ചെയ്തു. ഇതിന് ശേഷം ഇന്റലിജന്‍സിന്റെ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ മെഡലുകള്‍ നല്‍കുന്നത്. 

Tags:    

Similar News