തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയില്‍ ഉടന്‍ അന്വേഷണം ആരംഭിക്കും. കേസിന്റെ ചുമതല ഐപിഎസ് ഉദ്യോഗസ്ഥയായ ജി പൂങ്കുഴലി നിര്‍വഹിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ബെംഗളൂരു സ്വദേശിനി നല്‍കിയ കേസാണ് അന്വേഷിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.
പ്രാഥമിക അന്വേഷണത്തില്‍ തന്നെ യുവതിയുടെ വിശദാംശങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കൂടാതെ സംഭവത്തിന്റെ ഗുരുതര സ്വഭാവവും കേസെടുക്കുന്നതില്‍ നിര്‍ണായകമായി.
സുഹൃത്തിന്റെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം അയല്‍സംസ്ഥാനത്തുള്ള യുവതി കെപിസിസിക്ക് പരാതി അയച്ചത്. പരാതി കെപിസിസി നേതൃത്വം ഡിജിപിക്ക് കൈമാറുകയായിരുന്നു. ഇതിനു പിന്നാലെ സുഹൃത്ത് വഴി യുവതിയില്‍ നിന്ന് അന്വേഷണ സംഘം പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കേസെടുത്ത സാഹചര്യത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് ഉടനെ യുവതിയുടെ മൊഴിയെടുക്കും.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഒന്‍പതാം ദിവസവും ഒളിവില്‍ കഴിയുകയാണ്. കര്‍ണാടകയിലേക്ക് കടന്നെന്നാണ് സൂചന. അതേസമയം ജാമ്യം ലഭിക്കാനായി രാഹുല്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
