മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടല്‍ ; നല്ലളം ദേശിയപാതയോരത്ത് പിടിച്ചിട്ട വാഹനങ്ങള്‍ ഒഴിവാക്കുന്നു

പൊതുമരാമത്ത് ഭൂമിയിലെ കൈയേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

Update: 2021-06-15 06:02 GMT

കോഴിക്കോട്: പൊതുമരാമത്ത്വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടര്‍ന്ന് കോഴിക്കോട് നല്ലളം ദേശീയപാതയോരത്ത് വര്‍ഷങ്ങളായി പിടിച്ചിട്ട വാഹനങ്ങള്‍ ഒഴിവാക്കിത്തുടങ്ങി. മണല്‍ക്കടത്ത് കേസുകളില്‍ ഉള്‍പ്പടെ പോലിസ് പിടികൂടി റോഡരികില്‍ തള്ളിയ വാഹനങ്ങളാണ് നീക്കം ചെയ്യുന്നത്. 42 വാഹനങ്ങളാണ് നാട്ടുകാര്‍ക്കും ദേശീയ പാതയിലെ യാത്രക്കാര്‍ക്കും ശല്യമായി റോഡരികില്‍ കിടന്നിരുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ മണ്ഡലം ഉള്‍പ്പെട്ട പ്രദേശം കൂടിയാണ് നല്ലളം.


പൊതുമരാമത്ത് ഭൂമിയിലെ കൈയേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കൈയേറ്റങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രധാനമായും റോഡരികിലുള്ള സ്ഥലമാണ് കയ്യേറിയിട്ടുള്ളത്. ഇത്തരം കൈയേറ്റങ്ങളെക്കുറിച്ച് ഈമാസം ഇരുപതിന് മുന്‍പായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് നടപടിയുണ്ടാകും. മന്ത്രിയുടെ ഫോണ്‍ ഇന്‍ പരിപാടിയില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി കോഴിക്കോട് നല്ലളത്ത് പരിശോധനയ്ക്കെത്തിയത്. ജില്ലാ കലക്ടറും ഒപ്പമുണ്ടായിരുന്നു.




Tags:    

Similar News