അന്തര്‍സംസ്ഥാന പെണ്‍ ഭ്രൂണഹത്യാ റാക്കറ്റ്;ഒഡിഷയില്‍ ആശാ വര്‍ക്കര്‍ അടക്കം 13 പേര്‍ പിടിയില്‍

ലാബ് ഉടമകള്‍, ആശുപത്രി ഉടമകള്‍ എന്നിവരുടെ സഹായത്തോടെയാണ് കേന്ദ്രം പ്രവര്‍ച്ചിരുന്നതെന്ന് എസ്പി പറഞ്ഞു

Update: 2022-05-28 04:22 GMT

ബര്‍ഹാംപൂര്‍: ഒഡിഷയില്‍ നിയമവിരുദ്ധമായി പെണ്‍ ഭ്രൂണഹത്യ നടത്തുന്ന റാക്കറ്റ് പിടിയില്‍. ആശാ വര്‍ക്കര്‍ അടക്കം 13 അംഗ സംഘത്തെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. അള്‍ട്ര സൗണ്ട് സ്‌കാനിങ് നടത്തി ഗര്‍ഭഛിദ്രം നടത്തുന്ന അന്തര്‍ സംസ്ഥാന സംഘമാണ് ഇതെന്ന് ബര്‍ഹാംപൂര്‍ എസ്പി എം ശരവണ വിവേക് അറിയിച്ചു.

സ്വകാര്യ ലാബുകള്‍ നടത്തുന്നവരും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ആശാ വര്‍ക്കര്‍, നഴ്‌സിങ് സെന്റര്‍ നടത്തുന്നവരും ക്ലിനിക്കിലെ ജോലിക്കാരുമാണ് പിടിയിലായിരിക്കുന്നത്.ലാബ് ഉടമകള്‍, ആശുപത്രി ഉടമകള്‍ എന്നിവരുടെ സഹായത്തോടെയാണ് കേന്ദ്രം പ്രവര്‍ച്ചിരുന്നതെന്ന് എസ്പി പറഞ്ഞു. അള്‍ട്രാ സൗണ്ട് സ്‌കാനിങ് നടത്തുന്ന ഉപകരണവും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.

ദുര്‍ഗാ പ്രസാദ് നായക് (41), അക്ഷയ ദലായ് (24), ഹരി മോഹന ദലായ് (42) റിന പ്രധാന്‍ (40) (സിഎച്ച്‌സി, ഖോളിക്കോട്ട് ആശാകര്‍മി), ശ്രീ ദുര്‍ഗ പതോളജിയിലെ രവീന്ദ്രനാഥ് സത്പതി (39), ഭാബാനഗര്‍ ചക്ക് നിര്‍ണ്ണയ് ഡയഗ്‌നോസ്റ്റിക് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ കാളി ചരണ്‍ ബിസോയി (38) സായി കൃപ സേവാ സദന്‍ നഴ്‌സിങ് ഹോമിലെ സുശാന്ത് കുമാര്‍ നന്ദ (40), ജഗന്നാഥ് ക്ലിനിക്കിലെ പദ്മ ചരണ്‍ ഭൂയാന്‍ (60), ജോസോദ നഴ്‌സിങ് ഹോമിലെ സിബാറാം പ്രധാന്‍ (37), മൃത്യുഞ്ജയ ഹോസ്പിറ്റലിലെ സുമന്ത കുമാര്‍ പ്രധാന്‍ (30), ധബലേശ്വര്‍ നായക് (51), സ്മാര്‍ട് ഹോസ്പിറ്റലിലെ മൈലാപുരി സുജാത (49), റലാബയിലെ സുബാഷ് ച് റൗട്ട് (48) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

വിശ്വസനീയമായ വിവരത്തെത്തുടര്‍ന്ന് വീട്ടില്‍ നടത്തുന്ന ഗര്‍ഭഛിദ്ര കേന്ദ്രത്തിലാണ് റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു തിരച്ചില്‍. റെയ്ഡ് നടക്കുമ്പോള്‍ 12 ഗര്‍ഭിണികള്‍ ഇവിടെയുണ്ടായിരുന്നു.രണ്ടര വര്‍ഷത്തിലേറെയായി ഈ കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

Tags: