വിദ്യാര്‍ഥികള്‍ക്ക് പ്രതിഫലത്തോടുകൂടിയുള്ള ഇന്റേണ്‍ഷിപ് ഈ വര്‍ഷം മുതല്‍

Update: 2022-04-05 12:29 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിഫലത്തോടുകൂടിയുള്ള ഇന്റേണ്‍ഷിപ് പരിപാടി ഈ വര്‍ഷംതന്നെ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ ചെറുപ്പക്കാര്‍ നേരിടുന്ന അനിശ്ചിതത്വം ഒഴിവാക്കാന്‍ ഇതു വലിയ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പോളിടെക്‌നിക് കോളജുകളില്‍ നടപ്പാക്കുന്ന 'ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ് ഇന്‍ പോളിടെക്‌നിക്‌സ്' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

ഉപരിപഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന അഭ്യസ്തവിദ്യരായവര്‍ക്ക് ഏതു സ്ഥാപനത്തിലും ജോലി ചെയ്യാന്‍ കഴിയുംവിധമാണ് ഇന്റേണ്‍ഷിപ്പ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്റേണ്‍ഷിപ് ചെയ്യുന്നവര്‍ക്കു സര്‍ക്കാര്‍ പ്രതിമാസം 5,000 രൂപ വീതം നല്‍കും. ചുരുങ്ങിയത് ഇത്രയും തുകയോ ഇതില്‍ കൂടുതലോ സ്ഥാപന ഉടമയും നല്‍കണം. പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്നവര്‍ തുടക്കത്തില്‍ നേരിടുന്ന അനിശ്ചിതത്വം ഒഴിവാക്കാന്‍ പ്രയോജനംചെയ്യുന്ന പദ്ധതിയാകും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവ വൈജ്ഞാനിക സമൂഹം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വ്യവസായ സംരംഭങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. വിദ്യാര്‍ഥികള്‍ ആര്‍ജിക്കുന്ന അറിവിനെ, സമൂഹത്തിനു പ്രയോജനപ്രദമായ നൂതന ആശയങ്ങളാക്കിമാറ്റണം. പോളിടെക്‌നിക്കുകളില്‍ ആരംഭിക്കുന്ന ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ് പരിപാടി ഈ ലക്ഷ്യത്തോടെയുള്ളതാണ്. പാഠ്യപദ്ധതിക്ക് അനുസൃതമായി ക്യാംപസുകളില്‍ വ്യവസായങ്ങളുടെ യഥാര്‍ഥ മാതൃക സൃഷ്ടിച്ച് വിദ്യാര്‍ഥികള്‍ക്കു പ്രായോഗിക അറിവ് ആര്‍ജിക്കാനുള്ള അവസരമൊരുക്കുകയെന്നതും ഇതിന്റെ ഭാഗമായുണ്ട്. സംസ്ഥാനത്തെ 41 സര്‍ക്കാര്‍ പോളിടെക്‌നിക്കുകളിലായി 6.5 കോടിയുടെ പദ്ധതിയാണ് ഇതിനായി ആവിഷ്‌കരിച്ചിരിക്കുന്നത്. സി.എല്‍.സി, വെര്‍ട്ടിക്കല്‍ വെല്‍ഡിങ്, ലേസര്‍ കട്ടര്‍, വെല്‍ഡിങ് സ്‌റ്റേഷന്‍, റോബോട്ടിക്‌സ് ലാബ് തുടങ്ങിയ ഉയര്‍ന്ന നിലവാരത്തിലുള്ള ഉപകരണങ്ങള്‍, ആധുനിക യന്ത്രങ്ങള്‍ തുങ്ങിയവ ഇതിന്റെ ഭാഗമായി പോളിടെക്‌നിക്കുകളില്‍ സജ്ജമാക്കും.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു വലിയ ഇടപെടലാണു സര്‍ക്കാര്‍ നടത്തുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. അഞ്ചു വര്‍ഷംകൊണ്ട് നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ 20 ലക്ഷം തൊഴിലുകള്‍ ലഭ്യമാക്കും. മറ്റൊരു 20 ലക്ഷം കേരളത്തിലെ കാര്‍ഷിക, വ്യാവസായിക, നൂതന വ്യവസായ സംരംഭങ്ങളിലൂടെയും പ്രാവര്‍ത്തികമാക്കും. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും, ഓരോ മണ്ഡലത്തിലും നൈപുണ്യ വികസനത്തിനുള്ള സ്‌കില്‍ പാര്‍ക്കുകള്‍ വരും. സംസ്ഥാനതലത്തിലുള്ള നൈപുണ്യ വികസന കേന്ദ്രങ്ങളും ഇതിനൊപ്പം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.