മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റ് വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങളും

Update: 2021-03-10 11:59 GMT

കോഴിക്കോട്: ഡല്‍ഹിയില്‍ യുപി പോലിസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റ് വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങളും. ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമം ബിബിസിയാണ് അവസാനം കാപ്പന്റെ അറസ്റ്റും ജയിലനുഭവങ്ങളും വാര്‍ത്തയാക്കിയത്. കഴിഞ്ഞ ദിവസം അല്‍ജസീറയും ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത റിപോര്‍ട്ട് ചെയ്യുന്നതിനിടയില്‍ അറസ്റ്റിലായി 150 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് ബിബിസി അദ്ദേഹത്തിന്റെ ഭാര്യയെയും അഭിഭാഷകരെയും ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരെയും കണ്ട് വിശദവിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

മലയാളിയായിട്ടും കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും നിശ്ശബ്ദത പാലിക്കുമ്പോഴാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ കാപ്പന്റെ തടവ്ജീവിതം വാര്‍ത്തയാക്കിയതെന്നതാണ് ശ്രദ്ധേയം.

ഹാഥ്രസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ വാര്‍ത്ത റിപോര്‍ട്ട് ചെയ്യാന്‍ പോകുന്തിനിടയിലാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5ന് കാപ്പനും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന മൂന്നുപേരും ഹാഥ്‌റസിനു 42 കിലോമീറ്റര്‍ അകലെ വച്ച് അറസ്റ്റ് ചെയ്യപ്പെടുന്നത്. കാപ്പന്‍ കേന്ദ്ര ഹാഥ്രസ് സംഭവങ്ങളുടെ പേരില്‍ കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് യുപി പോലിസ് ആരോപിക്കുന്നു.

കാപ്പന് അനുഭവിക്കേണ്ടി വന്ന പോലിസ് മര്‍ദ്ദനത്തെക്കുറിച്ചും മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ചും ബിബിസിയുടെ വാര്‍ത്ത വിശദമാക്കുന്നുണ്ട്. കാപ്പന്‍ മാധ്യമപ്രവര്‍ത്തകനല്ലെന്ന സംഘപരിവാര്‍ വാദത്തെയും ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്ത പൊളിച്ചടുക്കുന്നു.

നവംബര്‍ 2ാം തിയ്യതി കോടതിയടെ അനുമതിയോടെ കാപ്പന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതുവരെ തന്റെ ഭര്‍ത്താവ് ജീവനോടെ ഇരിക്കുന്നുണ്ടെന്ന് താന്‍ വിശ്വസിച്ചിരുന്നില്ലെന്ന് കാപ്പന്റെ ഭാര്യ റെയ്ഹാനത്തിനെ ഉദ്ധരിച്ച് വാര്‍ത്ത വെളിപ്പെടുത്തുന്നു. കഴിഞ്ഞ മാസം രോഗശയ്യയിലുള്ള മാതാവിനെ കാണാന്‍ കോടതി കാപ്പന് അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു.

കാപ്പന്‍ ബീഫ് കഴിക്കുമോ, സാക്കിര്‍ നായിക്കിനെ കണ്ടിട്ടുണ്ടോ തുടങ്ങി കാപ്പനെതിരേ യുപി പോലിസ് ഉന്നയിച്ച ചോദ്യങ്ങളും വാര്‍ത്ത പുറത്തുകൊണ്ടുവരുന്നു.

സുപ്രിംകോടതി അഭിഭാഷര്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, നിമയവിദഗ്ധര്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയ റിപോര്‍ട്ട് കാപ്പനെതിരേ നടക്കുന്നത് ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്നും കണ്ടെത്തുന്നു.

Tags: