ബംഗാള്‍ ഉള്‍ക്കടലില്‍ അന്താരാഷ്ട്ര ഫ്‌ലീറ്റ് റിവ്യൂ; 72 രാജ്യങ്ങളുടെ നാവികസേനകള്‍ അണിനിരക്കും

Update: 2026-02-18 06:03 GMT

വിശാഖപട്ടണം: ഏഷ്യയിലെ ഏറ്റവും വലിയ നാവിക അഭ്യാസ പ്രകടനങ്ങളിലൊന്നായ അന്താരാഷ്ട്ര ഫ്‌ലീറ്റ് റിവ്യൂയ്ക്ക് ബംഗാള്‍ ഉള്‍ക്കടല്‍ വേദിയാകുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം തീരത്ത് നടക്കുന്ന ചടങ്ങില്‍ 72 രാജ്യങ്ങളിലെ നാവികസേനകള്‍ പങ്കെടുക്കും. അറുപതിലധികം യുദ്ധക്കപ്പലുകളാണ് പരേഡില്‍ അണിനിരക്കുന്നത്.

ഇന്ത്യന്‍ സായുധ സേനയുടെ പരമാധികാരിയായ രാഷ്ട്രപതി ദ്രൗപതി മുര്‍മു ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുകയും നാവികസേനയുടെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും. രാവിലെ രാഷ്ട്രപതിയുടെ സല്യൂട്ടോടെയാണ് ഫ്‌ലീറ്റ് റിവ്യൂ ആരംഭിക്കുക. ഏകദേശം മൂന്നു മണിക്കൂര്‍ നീളുന്ന ചടങ്ങില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഐഎന്‍എസ് സുമേധ കപ്പലില്‍ കയറി ആഴക്കടലിലേക്ക് നീങ്ങി വിവിധ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും രാഷ്ട്രപതി പരിശോധിക്കും. ആന്ധ്രപ്രദേശ് ഗവര്‍ണറും മുഖ്യമന്ത്രിയും ചടങ്ങില്‍ രാഷ്ട്രപതിയെ അനുഗമിക്കും.

യുഎസ്, റഷ്യ എന്നിവയുടെ അത്യാധുനിക യുദ്ധക്കപ്പലുകള്‍ പങ്കെടുക്കുന്നതാണ് ഫ്‌ലീറ്റ് റിവ്യൂയുടെ പ്രധാന ആകര്‍ഷണം. ഇന്ത്യയുടെ അഭിമാനമായ ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും സൈനിക ശേഷി പ്രദര്‍ശിപ്പിക്കും. വിവിധ രാജ്യങ്ങളിലെ കപ്പലുകള്‍ ഇതിനോടകം തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ നങ്കൂരമിട്ടിട്ടുണ്ട്. കപ്പല്‍ പരേഡിനൊപ്പം നാവികസേനാ വിമാനങ്ങളുടെ ഫ്‌ലൈപാസ്റ്റും അന്തര്‍വാഹിനികളുടെ പ്രദര്‍ശനവും ചടങ്ങിന് ഭംഗിയേകും. വിവിധ രാജ്യങ്ങളിലെ നാവികസേനകളുടെ ഈ കൂട്ടായ്മ അവരുടെ സൈനിക വൈദഗ്ധ്യവും പരസ്പര സഹകരണവും ലോകത്തിന് മുന്നില്‍ തെളിയിക്കുന്ന വേദിയായിത്തീരുമെന്നാണ് വിലയിരുത്തല്‍.

Tags: