തെഹ്‌റാന്‍: യുദ്ധ സാഹചര്യത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ഇറാനിലെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നു. മഷ്ഹദ് വിമാനത്താവളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കുമെന്ന് ഇറാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
അമേരിക്കയുമായും ഇസ്രായേലുമായും സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഫെബ്രുവരി 28ന് ഇറാനിലെ പ്രധാന വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയിരുന്നു. സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയത്. മഷ്ഹദ് വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിവിധ അന്താരാഷ്ട്ര റൂട്ടുകളിലെ ടിക്കറ്റുകള്‍ ഇതിനകം ലഭ്യമാക്കിയതായി ഇറാന്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ഘട്ടംഘട്ടമായി തുറക്കുമെന്ന് സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത ഘട്ടങ്ങളില്‍ തെഹ്‌റാനിലെ ഇമാം ഖൊമേനി, മെഹ്‌റാബാദ് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. അവസാന ഘട്ടത്തില്‍ പടിഞ്ഞാറന്‍ മേഖലകളിലെ വിമാനത്താവളങ്ങളും തുറക്കും.