ഇടുക്കിയില്‍ പുതിയ പവര്‍‌സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് മന്ത്രി എം എം മണി

ഇതിനായി പരിശോധനകള്‍ നടക്കുന്നുണ്ട്. ഇതുവരെ നടത്തിയ പരി ശോധകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള പവര്‍ സ്റ്റേഷന് സമാന്തരമായി പുതിയ പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കും.

Update: 2019-01-19 16:20 GMT

കൊച്ചി: ഇടുക്കിയില്‍ രണ്ടാം പവര്‍ സ്റ്റേഷന്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതായി മന്ത്രി എം എം മണി.കേരളത്തിലെ ആദ്യത്തെ അണ്‍മാന്‍ഡ് 66 കെ.വി ജി.ഐ.എസ് സബ്‌സ്റ്റേഷന്‍ തൃപ്പൂണിത്തുറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി പരിശോധനകള്‍ നടക്കുന്നുണ്ട്. ഇതുവരെ നടത്തിയ പരി ശോധകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള പവര്‍ സ്റ്റേഷന് സമാന്തരമായി പുതിയ പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കും. 800 മെഗാവാട്ട് വൈദ്യുതി ഇതിലൂടെ ഉത്പാദിപ്പിക്കാന്‍ സാധിക്കും. വൈദ്യുതി ഉല്പാദനവും വിതരണവും കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ ആധുനിക സംവിധാനങ്ങള്‍ കെഎസ്ഇബി ഏര്‍പ്പെടുത്തും. അതിന്റെ ഭാഗമായാണ് ആളില്ലാത്ത സ്റ്റേഷനുകളും മറ്റും ആരംഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതി ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. 1000 മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. പുരഇടങ്ങള്‍ക്ക് മുകളില്‍നിന്ന് 500 മെഗാവാട്ടും ഡാമുകള്‍ ഉള്‍പ്പെടെ മറ്റ് മേഖലകളില്‍നിന്ന് 500 മെഗാവാട്ടും സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 40,000 പേര്‍ പരിപാടിയുടെ ഭാഗമാകുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവിലെ ഡാമുകള്‍ ഉള്ളതിനാലാണ് പ്രളയ നാശനഷ്ടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിച്ചതെന്ന് കേന്ദ്ര ജലകമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി അദ്ദേഹം പറഞ്ഞു. ഡാമുകള്‍ ഇല്ലാത്ത അച്ഛന്‍കോവിലാര്‍, മീനച്ചിലാര്‍ എന്നിവയില്‍ ഡാം നിര്‍മ്മിക്കുന്ന കാര്യം കേന്ദ്ര ജലകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ 820 കോടി രൂപയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പിന് സംഭവിച്ചത്. പ്രളയത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട കണക്ഷനുകള്‍ 10 ദിവസംകൊണ്ട് പുനഃസ്ഥാപിച്ച കെ.എസ്.ഇ.ബി ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം എവിടെനിന്ന് ലഭിച്ചാലും അത് പറയുവാനുള്ള നീതിബോധം സംസ്ഥാന സര്‍ക്കാരിന് ഉണ്ട്. നിര്‍ദിഷ്ട കാലാവധിക്കു മുന്നേ 66 കെ.വി ജി.ഐ.എസ് സബ്‌സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെ.എസ്.ഇ.ബി ജീവനക്കാരെയും കരാര്‍ ഏറ്റെടുത്ത കമ്പനിയെയും മന്ത്രി അഭിനന്ദിച്ചു. നിര്‍മ്മാണത്തില്‍ മികച്ച സേവനം അനുഷ്ഠിച്ച ജീവനക്കാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഫ കെ വി തോമസ് എംപി മുഖ്യഅതിഥിയായിരുന്നു.അഡ്വ. എം സ്വരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

Tags:    

Similar News