കിഫ്ബിക്കെതിരേ അന്വേഷണം: ബി.ജെ.പി- സി.പി.എം അന്തര്‍ധാരയുടെ തെളിവെന്ന് പ്രതിപക്ഷനേതാവ്

Update: 2021-03-03 16:56 GMT

തിരുവനന്തപുരം: കേരളത്തില്‍ വളര്‍ന്നു വരുന്ന ബി.ജെ.പി സി.പി.എം അന്തര്‍ധാരയുടെ തെളിവാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ച ശേഷം കിഫ്ബിയ്‌ക്കെതിരെ കേസ് എടുക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ട് വഴി കിഫ്ബി വിദേശത്തു നിന്നും പണം സമാഹരിച്ചത് ഭരണഘടനാ ലംഘനമാണ് എന്ന് 2019ല്‍ തന്നെ കോണ്‍ഗ്രസ് നിയമസഭയ്ക്കകത്തും പുറത്തും ചൂണ്ടി കാണിച്ചിട്ടുള്ളതാണ്. അന്നൊന്നും അനങ്ങാതിരുന്ന ഇ.ഡി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞ് കേസ് എടുക്കുകയും, ചോദ്യം ചെയ്യലിന് നോട്ടിസ് നല്‍കുകയും ചെയ്തത് ദുരുദ്ദേശപരമാണ്.

ഇതാ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ പോകുന്നു എന്ന നിലവിളി കൂട്ടാന്‍ ഇടതുപക്ഷത്തിന് അവസരം നല്‍കുക എന്നത് മാത്രമാണ് ഇ.ഡി യുടെ ഈ നീക്കത്തിനു പിന്നില്‍. സ്വര്‍ണകള്ളക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി തുടങ്ങിയ ഗുരുതരമായ കേസുകളിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതും കിഫ്ബിയ്‌ക്കെതിരെയുള്ള ഇപ്പോഴത്തെ അന്വേഷണ നാടകവും ചേര്‍ത്തു വായിച്ചാല്‍ സി.പി.എം ബി.ജെ.പി അവിശുദ്ധ ബാന്ധവമാണ് ഇതിന് പിന്നില്‍ എന്ന് വ്യക്തമാകും- ചെന്നിത്തല ആരോപിച്ചു.

ഇടതുമുന്നണിയെ പോലെ ഭരണത്തില്‍ വരുമ്പോള്‍ മാത്രം വികസനത്തെ പറ്റി പറയുന്നതല്ല യു.ഡി.എഫ് നയം. വികസനം അനിവാര്യമാണ്. വികസനത്തെയല്ല അതിന്റെ മറവില്‍ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ കൊള്ളയെയാണ് യു.ഡി. എഫ് എതിര്‍ക്കുന്നത്. 9.732 ശതമാനം എന്ന കൊള്ള പലിശയ്ക്കാണ് ലാവ്‌ലിന്റെ അനുബന്ധ കമ്പനിയായ സി.ഡി.പി.ക്യു വില്‍ നിന്ന് സര്‍ക്കാര്‍ 2,150 കോടി രൂപ വാങ്ങിയത്. ഇതിലും കുറഞ്ഞ പലിശയില്‍ നാട്ടില്‍ വായ്പ ലാഭ്യമായിട്ടും നടത്തിയ ഈ നിഗൂഢമായ ഇടപാടിനെ കോണ്‍ഗ്രസ് അന്നേ ചോദ്യം ചെയ്തതാണ്. ലണ്ടന്‍ ഓഹരി വിപണിയില്‍ മുഖ്യമന്ത്രി പോയി വിപണനം ആരംഭിക്കുന്നതിന് മുന്‍പേ ഈ മസാല ബോണ്ടുകളുടെ വില്‍പന നടന്നിരുന്നു എന്നും പ്രതിപക്ഷം അന്ന് ചൂണ്ടി കാണിച്ചതാണ്.

തോമസ് ഐസക്ക് നടത്തിയ വെല്ലുവിളി ഒരു തമാശ മാത്രമാണ്. സംയുക്തമായി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് സുരക്ഷിതമായി ഇരുന്നു കൊണ്ട് വെല്ലുവിളി നടത്തുന്നത് പരിഹാസ്യമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Tags:    

Similar News