കാപ്പന് ജാമ്യം; സുപ്രീം കോടതി തുറന്നുകാട്ടിയത് യോഗി സര്‍ക്കാരിന്റെ ഭീകരമുഖം: ഐഎന്‍എല്‍

Update: 2022-09-10 09:06 GMT

കോഴിക്കോട്: യുഎപിഎ എന്ന കരിനിയമത്തിന്റെ മറവില്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പൗരസ്വാതന്ത്ര്യം കവര്‍ന്നെടുത്തുകൊണ്ട് നടത്തുന്ന ഭരണകൂട ഭീകരതയെ തുറന്നുകാട്ടുന്നതാണ് മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം നല്‍കിക്കൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളെന്ന് ഐഎന്‍എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

ഒരു മാധ്യമ പ്രവര്‍ത്തകനെ ജോലി നിര്‍ഹണത്തിനിടയില്‍ അറസ്റ്റ് ചെയ്തു തുറുങ്കിലടക്കാനും വ്യാജ തെളിവുകളുടെ ബലത്തില്‍ കള്ളകഥകള്‍ കെട്ടിച്ചമച്ച് തെറ്റിദ്ധരിപ്പിക്കാനും നടത്തിയ ആസൂത്രിത ഗൂഢാലോചനയാണ് നീതിപീഠത്തിനു മുന്നില്‍ പൊളിഞ്ഞത്. യുഎപിഎ പോലുള്ള കരിനിയമങ്ങളുടെ ഇര എന്നും ന്യുനപക്ഷങ്ങളും ദുര്‍ബല വിഭാഗങ്ങളുമാണ്. അത്തരം നിയമങ്ങള്‍ക്കെതിരേ നിരന്തരമായ ജാഗ്രതയും പോരാട്ടവും അനിവാര്യമാണെന്ന് ഈ വിധി ഓര്‍മിപ്പിക്കുന്നു. സംഘ്പരിവാര്‍ ആധിപത്യമുറപ്പിച്ച വര്‍ത്തമാനകാല ഇന്ത്യന്‍ വ്യവസ്ഥിതിയില്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട്, ഹതാശയരായി കഴിയുന്ന ഇരകള്‍ക്ക് വേണ്ടി വാദിക്കാനും ശബ്ദിക്കാനും ആര്‍ജവം കാട്ടുന്ന പ്രഗല്‍ഭ അഭിഭാഷകന്‍ കപില്‍ സിബലിനെപ്പോലുള്ളവരുടെ പോരാട്ട വിജയമാണ് സിദ്ദീഖ് കാപ്പന്റ മോചനം. നീതിനിഷേധത്തിന്റെ രണ്ടുപതിറ്റാണ്ടിലേറെ ദുരിതജീവിതം നയിക്കുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയെ പോലുള്ളവര്‍ക്ക് വേണ്ടി നിയമപോരാട്ടം തുടരാന്‍ വിധി പ്രചോദനമാകേണ്ടതുണ്ട്. പൗരാവകാശ ലംഘനങ്ങള്‍ക്കെതിരേ വിശാലമായ ഐക്യനിര കെട്ടിപ്പടുക്കാനുള്ള ആഹ്വാനമാണ് കാപ്പന്റെ അനുഭവം കൈമാറുന്നതെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News