കാത്തിരിപ്പിന് വിരാമമായി; അഹമദ് ദേവര്‍കോവില്‍ മന്ത്രി പദവിയിലേക്ക്

Update: 2021-05-17 07:59 GMT


തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം ലഭിക്കും. കഴിഞ്ഞ് സര്‍ക്കാരിന്റെ കാലത്താണ് ഐഎന്‍എല്ലിനെ ഇടതുമുന്നണിയിലേക്ക് ഔദ്യോഗികമായി ഉള്‍പ്പെടുത്തിയത്. ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഐഎന്‍എല്ലിന് മുന്നണിപ്രവേശം ലഭിച്ചത്.

ബാബരി മസ്ജിദ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിനൊപ്പമായിരുന്ന ലീഗ് വിട്ട് സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഐഎന്‍എല്‍ രൂപീകരിക്കുകയായിരുന്നു. അന്ന് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഐഎന്‍എല്‍ എന്ന മതച്ഛായയില്ലാത്ത പാര്‍ട്ടി പേര് തന്നെ സ്വീകരിച്ചത്. പക്ഷേ, പേരിലെ മതച്ഛായ മാറ്റിയെങ്കിലും ദീര്‍ഘകാലം ഐഎന്‍എല്ലിന് മുന്നണിക്ക് പുറത്തിരിക്കേണ്ടിവന്നു. ഇക്കുറി, കെടി ജലീല്‍ എന്ന മുസലിം മുഖത്തിന് കോട്ടം തട്ടിയതോടെ മലബാറില്‍ നിന്ന് മറ്റൊരാളെ വേണമെന്നുള്ളതും എല്ലാകക്ഷികള്‍ക്കും മന്ത്രിസ്ഥാനം എന്ന ഇടതുനയവും അഹ്മദ് ദേവര്‍കോവിലിന് നറുക്ക് വീഴാന്‍ കാരണമായി.

ചെറുകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതമാണ് മന്ത്രിസ്ഥാനം പങ്ക് വയ്ക്കുകയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആദ്യഘട്ടത്തില്‍ തന്നെ അഹ്മദ് ദേവര്‍കോവിലിന് മന്ത്രി സ്ഥാനം ലഭിക്കും.

കോഴിക്കോട് സൗത്തില്‍ നിന്ന് മുസ്‌ലിം ലീഗിലെ നൂര്‍ബിനാ റഷീദിനെ 12459 വോട്ടിന് പരാജയപ്പെടുത്തിയാണ് അഹ്മദ് ദേവര്‍കോവില്‍ സഭയിലെത്തിയത്. ദേവര്‍ കോവില്‍ മുംബൈ കേന്ദ്രീകരിച്ച് പൊതുപ്രവര്‍ത്തനം നടത്തുന്നുണ്ട്.

Tags:    

Similar News