ഐഎന്‍എല്‍; ഇടതുമുന്നണി നേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങി അബ്ദുല്‍ വഹാബ് പക്ഷം

കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ മകന്‍ അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ മധ്യസ്ഥതയില്‍ മൂന്നു വട്ടം ചര്‍ച്ച നടന്നിരുന്നു.

Update: 2021-08-21 04:26 GMT

കോഴിക്കോട്: ഐഎന്‍എല്ലിലെ പ്രശ്‌ന പരിഹാര ചര്‍ച്ചകളില്‍ തീരുമാനമാകാതെ വന്നതോടെ ഇടതുമുന്നണി നേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങി അബ്ദുല്‍ വഹാബ് പക്ഷം. കാസിം ഇരിക്കൂര്‍ വിഭാഗം സമവായ ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നുവെന്നാണ് പരാതി. അതേസമയം, ചര്‍ച്ചകള്‍ തുടരുകയാണെന്നും എന്നാല്‍ അച്ചടക്ക ലംഘനം കാട്ടിയവരോട് ഒത്തുതീര്‍പ്പില്ലെന്നുമാണ് കാസിം ഇരിക്കൂര്‍ പറയുന്നത്.


ഇരുകൂട്ടരും യോജിപ്പിലെത്തിയാല്‍ മാത്രമെ ഇടതുമുന്നണിയില്‍ തുടരാനാകൂ എന്ന് എല്‍ഡിഎഫ് നേതൃത്വം തീര്‍ത്ത് പറഞ്ഞിട്ടും യോജിപ്പിന്റെ പാതയിലെത്താന്‍ ഐഎന്‍എല്ലിന് സാധിക്കുന്നില്ല. ഇത് മന്ത്രിസഭയില്‍ നിന്നും ഇടതുമുന്നണിയില്‍ നിന്നും തന്നെ പുറത്തേക്കുളള വഴിയൊരുക്കും എന്നാണ് കരുതപ്പെടുന്നത്. കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ മകന്‍ അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ മധ്യസ്ഥതയില്‍ മൂന്നു വട്ടം ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ കാസിം ഇരിക്കൂറിന്റെയും ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്റെയും കടുത്ത നിലപാടാണ് സമവായ സാധ്യതകള്‍ ഇല്ലാതാക്കിയതെന്ന് അബ്ദുല്‍ വഹാബ് പക്ഷം ആരോപിക്കുന്നു. സ്ഥാനമോഹികളായ ഒരു വിഭാഗമാണ് പാര്‍ട്ടി വിട്ടതെന്നും അവര്‍ക്ക് വേണമെങ്കില്‍ മടങ്ങിവരാമെന്നും ദേശീയ പ്രസിഡന്റ് പറഞ്ഞതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. ഇക്കാര്യങ്ങള്‍ ഇടതു മുന്നണി നേതൃത്വത്തെ അറിയിക്കാനാണ് അബ്ദുല്‍ വഹാബ് പക്ഷത്തിന്റെ നീക്കം.




Tags:    

Similar News