സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ വിവരം ചോര്‍ന്നത് പോലിസിന്റെ ഗൂഗിള്‍ ലിങ്ക് ആപ്പില്‍ നിന്ന്

Update: 2020-04-27 10:22 GMT

കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ വിവര ചോര്‍ച്ചയുണ്ടായത് പോലിസിന്റെ ഗൂഗിള്‍ ആപ്പ് ലിങ്കില്‍ നിന്നാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ ലിങ്കില്‍ നിന്നാണ് വിവര ചോര്‍ച്ചയുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.

ബംഗളൂരുവിലെ ആശുപത്രികളില്‍ നിന്നെന്ന് പറഞ്ഞ് കൊവിഡ് രോഗം മാറിയ കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലെ രോഗികള്‍ക്ക് ഫോണ്‍ വിളിയെത്തിയതോടെയാണ് ഗുരുതരമായ വിവര ചോര്‍ച്ചയെ കുറിച്ച് അന്വേഷണം തുടങ്ങിയത്. എന്നാല്‍ സംഭവത്തില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ വ്യക്തമാക്കി. രോഗികള്‍ക്കുള്ള തുടര്‍ ചികില്‍സയും അതാത് ആശുപത്രികളില്‍ തന്നെയാണെന്നും, മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. സ്പ്രിംഗ്ലര്‍ കരാര്‍ വിവാദത്തില്‍ മുഖ്യ പരാമര്‍ശം തന്നെ വിവര ചോര്‍ച്ച ആശങ്കയായിരുന്നു. ഇതിനിടെ തങ്ങളുടെ ആപ്പില്‍ നിന്നു തന്നെ വിവരം ചോര്‍ന്നത് പോലിസിനും തലവേദനയായി.


Tags: