പിഞ്ചുകുഞ്ഞിന്റെ മാല മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

Update: 2020-12-22 10:04 GMT

മഞ്ചേരി: പിഞ്ചുകുഞ്ഞിന്റെ മാല മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. നടുവണ്ണൂര്‍ സ്വദേശിയും ഇപ്പോള്‍ ഈങ്ങാപ്പുഴ കാക്കവയലില്‍ താമസക്കാരനുമായ ബഷീര്‍ എന്ന പാറമ്മല്‍ ബഷീര്‍ എന്ന പേരാമ്പ്ര ബഷീറിനെയാണ് പിടികൂടിയത്. പൂക്കോട്ടൂരില്‍ വെള്ളം ചോദിച്ച് വീട്ടിലേക്ക് വന്ന പ്രതി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ നിന്നു സ്വര്‍ണ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

    അന്വേഷണത്തില്‍ ഇയാള്‍ക്കെതിരേ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പോലിസ് സ്‌റ്റേഷന്‍ പരിധികളിലായി മാല പൊട്ടിക്കല്‍, മോഷണം, കവര്‍ച്ച മുതലായ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടന്നതായി വിവരമുണ്ട്. വളാഞ്ചേരി പോലിസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കവര്‍ച്ച കേസില്‍ ഇയാളെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഈയടുത്ത് മുക്കം പോലിസ് സമാനമായ കേസില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ ഉടനെ വീണ്ടും മോഷണത്തിലേര്‍പ്പെട്ടുവരികയായിരുന്നു.

    നേരത്തേ, മോഷണക്കേസില്‍ മഞ്ചേരി കോടതിയില്‍ ഹാജരാക്കാന്‍ എസ്‌കോര്‍ട്ട് വന്ന പോലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മഞ്ചേരി സിജെഎം കോടതി ശിക്ഷിച്ചിട്ടുണ്ട്. മഞ്ചേരി പോലിസ് ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ നാസിറുദ്ദീന്‍ നാനാക്കല്‍, ജയ്‌സണ്‍ ജെ, എഎസ്‌ഐ സുഭാഷ്, പോലിസ് ഉദ്യോഗസ്ഥരായ മുഹമ്മദ് സലീം പൂവത്തി, ജയരാജ്, സുബൈര്‍, ഹരിലാല്‍ എന്നിവരാണ് കേസന്വേഷണം നടത്തുന്നത്.

Infamous thief arrested for stealing baby's necklace

Tags: