'ദേശവിരുദ്ധരെ ഗര്‍ഭംധരിക്കുന്നവരെ തല്ലിക്കൊല്ലണം': മുസ് ലിംസ്ത്രീകളെ വധിക്കാന്‍ ആഹ്വാനം ചെയ്ത് ഹരിദ്വാര്‍ ധര്‍മസന്‍സദിലെ കുപ്രസിദ്ധ സ്വാമി

Update: 2022-06-02 14:18 GMT

ന്യൂഡല്‍ഹി: ഗര്‍ഭിണികളായ മുസ് ലിംസ്ത്രീകളെ വധിക്കാന്‍ ആഹ്വാനം നല്‍കി ഹരിദ്വാറില്‍ മുസ് ലിംവംശഹത്യക്ക് ആഹ്വാനം ചെയ്ത സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി. സിംഹത്തെപ്പോലെ ഗര്‍ജ്ജിക്കണമെന്നും ഗോഹത്യചെയ്യുന്നവരെയും ദേശവിരുദ്ധരെയും ഗര്‍ഭം ധരിക്കുന്ന സ്ത്രീയെ വധിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടുള്ള വീഡിയോ വൈറലായിരിക്കുകയാണ്. ജിതേന്ദ്രാനാന്ദ് തന്നെയാണ് തന്റെ യുട്യൂബ് ചാനലില്‍ ഈ വീഡിയോ അ്പലോഡ് ചെയ്തിരിക്കുന്നത്.

വീഡിയോ എവിടെവച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഇയാളോടൊപ്പം ഏതാനും പേര്‍ വേദിയിലുണ്ട്. ഇയാളുടെ വിദ്വേഷപ്രസംഗം കേട്ട് ആവേശത്തോടെ പലരും കയ്യടിക്കുന്നുണ്ട്. പ്രേക്ഷകരുടെ ആവേശം കൂടുന്നതനുസരിച്ച് ഇയാള്‍ തന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു. 

മതത്തെ ആക്രമിക്കുന്നതുകണ്ട് ഈ രാജ്യം എന്താണ് നിശ്ശബ്ദമായിരിക്കുന്നത് എന്ന ശീര്‍ഷകത്തോടെയുള്ള വീഡിയോ ഫെബ്രുവരി 17നാണ് അപ് ലോഡ് ചെയ്തിരിക്കുന്നത്. കൗഷിക് രാജ് എന്നയാള്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് വീഡിയോ പൊതുജനശ്രദ്ധയിലെത്തിയത്.

മാര്‍ച്ചില്‍ കശ്മീര്‍ ഫയല്‍സ് സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇയാള്‍ തൃശൂലവുമായാണ് എത്തിയത്. അവിടെവച്ച് കടുത്ത വിദ്വേഷപ്രസംഗവും നടത്തി.

'നിങ്ങള്‍ ഇവിടെ സുരക്ഷിതനാണെന്ന് നിങ്ങള്‍ കരുതുന്നു, പക്ഷേ നിങ്ങള്‍ അങ്ങനെയല്ല. നിങ്ങള്‍ക്ക് ഒരു തയ്യാറെടുപ്പും ഇല്ല... ബദ്വാനിയിലും മധ്യപ്രദേശിലും ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും അവര്‍ ഉണ്ട്. അവര്‍ ലോകത്തിനാകെ ഭീഷണിയാണ്.'- അയാള്‍ ആരോപിച്ചു.

അവിഭക്ത ഇന്ത്യയെക്കുറിച്ചുള്ള തന്റെ സ്വപ്‌നപദ്ധതിയെക്കുറിച്ചും സംസാരിച്ചു: 'നമ്മുടെ പൂര്‍വ്വികര്‍ ഒരുപാട് തെറ്റുകള്‍ വരുത്തിയിട്ടുണ്ട്, അതിന്റെ വീഴ്ച നാം സഹിക്കുന്നു... അഫ്ഗാനിസ്താനും മറ്റും അഖണ്ഡഭാരതമായിരുന്നു, പിന്നീട് അത് ശിഥിലമായി, ഈ ചെറിയ കഷണം അവശേഷിച്ചു, പിന്നെ മതേതരത്വവും'- മതേതരത്വം തെറ്റാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ഇയാള്‍ പറഞ്ഞു.

'താലിബാന്‍ ഇന്ത്യന്‍ സ്ത്രീകളെ ചന്തകളില്‍ വസ്ത്രമുരിഞ്ഞ് വില്‍ക്കുന്നുവെന്നും അയാള്‍ ആരോപിച്ചു. തന്റെ ഹിന്ദുത്വ ആശയത്തില്‍ വിശ്വസിക്കാത്തവരെ നാസ്തികരെന്നും നിഷേധികളെന്നുമാണ് ഇയാള്‍ വിശേഷിപ്പിച്ചത്.

'ഹിന്ദുക്കള്‍ ഒരു ഉറുമ്പിനെപ്പോലും ഉപദ്രവിക്കില്ല... എന്നിട്ടും പാട്ടുപാടുന്ന അമീര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ പറയുന്നത് ഞങ്ങള്‍ അസഹിഷ്ണുതയുള്ളവരാണെന്നാണ്. നിങ്ങള്‍ ഞങ്ങളെ മനുഷ്യത്വം പഠിപ്പിക്കുമോ? പോയി താലിബാനെ പഠിപ്പിക്കൂ... അവര്‍ അത് അവിടെ പറയില്ല.... '- വീഡിയോ തുടരുന്നു.

ഭീകരതയുടെ നിറം പച്ചയാണെന്നും തന്റെ വാചകങ്ങള്‍ ഏറ്റുവിളിക്കാനും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.