ന്യൂഡല്‍ഹി: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 30 പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 30 വരെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ റൂട്ടുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ നവി മുംബൈയില്‍ നിന്ന് ആഴ്ചയില്‍ 400ലധികം സര്‍വീസുകള്‍ നടത്തുകയാണ് ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഇത് വലിയ ആശ്വാസമാകുമെന്ന് വിലയിരുത്തുന്നു. പ്രത്യേകിച്ച് കണ്ണൂരിലേക്കുള്ള നേരിട്ടുള്ള സര്‍വീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.
കൂടാതെ ആഗ്ര, അയോധ്യ, ബാഗ്‌ഡോഗ്രാ, ബെലഗവി, കൊല്‍ക്കത്ത, പട്‌ന, രാജ്‌കോട്ട്, ശ്രീനഗര്‍, വാരണാസി, വിശാഖപട്ടണം തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും സര്‍വീസുകള്‍ ലഭ്യമാകും. ഇതിനൊപ്പം ഭാവ്‌നഗറില്‍ നിന്ന് നവി മുംബൈയിലേക്ക് ദിവസേന രണ്ടു നേരിട്ടുള്ള സര്‍വീസുകള്‍ ഇതിനകം ആരംഭിച്ചു. ഏപ്രില്‍ 23 മുതല്‍ ജാംനഗറിലേക്കും സര്‍വീസുകള്‍ തുടങ്ങും. അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട്, ഭാവ്‌നഗര്‍, ജാംനഗര്‍ എന്നിവിടങ്ങളിലേക്കായി ഇന്‍ഡിഗോ ഇതിനകം തന്നെ 1400ലധികം സര്‍വീസുകള്‍ നടത്തിവരുന്നതായും കമ്പനി വ്യക്തമാക്കി.