ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടില്ലെന്ന് സൂചന; നാളെ അന്തിമ തീരുമാനം
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടില്ലെന്ന് സൂചന. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാകും അന്തിമ തീരുമാനം. പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നാണ് വിവരം.
നേരത്തെ, മണ്ഡലകാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ പുതിയ ഭരണസമിതി വന്നാല്‍ ഏകോപന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പിഎസ് പ്രശാന്തിനും അജികുമാറിനും കാലാവധി നീട്ടി നല്‍കാനുള്ള നീക്കം നടന്നിരുന്നു. എന്നാല്‍ സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട കേസുകള്‍ മറ്റു തലത്തിലേക്ക് കടന്നതോടെയാണ് പുതിയ ഭരണസമിതി രൂപീകരിക്കാനുള്ള തീരുമാനം ഉണ്ടായത്.
അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റി ലക്ഷ്യം വച്ചത് രാജ്യാന്തര വിഗ്രഹക്കടത്തെന്ന് ഹൈക്കോടതി ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നു. ശബരിമലയിലെ വിശുദ്ധ വസ്തുക്കളുടെ പകര്‍പ്പ് ഉണ്ടാക്കി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിറ്റ് പണം തട്ടിപ്പ് ശ്രമിച്ചതായി സംശയമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കേസില്‍ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി നടത്തിയ ഇടപാടുകള്‍ക്ക് ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും എത്ര സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി.
കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് ഹൈക്കോടതി അനുമതി നല്‍കി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വര്‍ണ്ണ സാമ്പിള്‍ ശേഖരിക്കാം. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കണമെന്നും എസ്ഐടിയോട് ഹൈക്കോടതി പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രത്യേക പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഉത്തരവും ദേവസ്വം മാനുവലും ബോര്‍ഡ് അധികൃതര്‍ ബോധപൂര്‍വ്വം ലംഘിച്ചുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

