ഇ ശ്രീധരന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയേക്കുമെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദംവരെ സ്വപ്‌നം കണ്ട് അവസാനം എംഎല്‍എ പോലുമാകാതെ പരാജയപ്പെട്ട ഇ ശ്രീധരന്‍ ഇപ്പോള്‍ ഒരു പദവിയുമില്ലാത്ത അവസ്ഥയിലാണ്

Update: 2021-06-01 19:39 GMT

കോഴിക്കോട്: മെട്രോമാന്‍ ഇ ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിച്ചേക്കുമെന്ന് സൂചന. ലക്ഷദ്വീപിലെ ചില സാമൂഹിക പ്രവര്‍ത്തകരാണ് ഇതു സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചതായി അറിയിച്ചത്.

നിലവിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ മാറ്റണമെന്ന് ലക്ഷദ്വീപിലെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതിനു പുറമെ ലക്ഷദ്വീപ് കലക്ടര്‍ക്ക് കരിങ്കൊടി കാണിച്ചതിന് തടവിലിട്ട യുവാക്കളെ ഉടന്‍ മോചിപ്പിക്കണമെന്ന കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായ ഉത്തരവും ദ്വീപ് ഭരണകൂടത്തിന് തിരിച്ചടിയായി. പ്രഫുല്‍ പട്ടേലിനെതിരേ ദ്വീപിലെ ജനവികാരം ശക്തമായതിനു പിറകെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ അഭ്യന്ത്ര മന്ത്രി അമിത്ഷായെ കണ്ടിരുന്നു. ലക്ഷദ്വീപില്‍ തദ്ദേശീയ ജനതയുടെ അഭിപ്രായം മാനിക്കാതെ പുതിയ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായിട്ടാണ് അദ്ദേഹം അറിയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദംവരെ സ്വപ്‌നം കണ്ട് അവസാനം എംഎല്‍എ പോലുമാകാതെ പരാജയപ്പെട്ട ഇ ശ്രീധരന്‍ ഇപ്പോള്‍ ഒരു പദവിയുമില്ലാത്ത  അവസ്ഥയിലാണ്. ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആക്കാനുള്ള നീക്കം നടക്കുന്നതായിട്ടാണ് അറിയുന്നത്. പ്രഫുല്‍ പട്ടേലിനെ തല്‍ക്കാലം മാറ്റി പകരം ശ്രീധരനെ നിയമിക്കാന്‍ സാധ്യതയുണ്ടെന്നും ലക്ഷദ്വീപിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

Tags:    

Similar News