ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ എണ്ണവിപണി ആശങ്കയില്‍; റഷ്യന്‍ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യയുടെ അടിയന്തര നീക്കം

Update: 2026-03-03 08:20 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധാവസ്ഥ രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടിയ നടപടി ആഗോള എണ്ണവിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ഈ ജലപാതയിലൂടെ സഞ്ചരിക്കുന്ന വിദേശ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഇറാന്റെ ഭീഷണി, ഇന്ത്യയെപ്പോലുള്ള വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ ഗണ്യമായൊരു വിഹിതം ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. പ്രതിദിനം ഏകദേശം 2.5 മുതല്‍ 2.7 മില്യണ്‍ ബാരല്‍ വരെ എണ്ണ ഈ മാര്‍ഗം ഉപയോഗിച്ചാണ് രാജ്യത്ത് എത്തിച്ചിരുന്നത്. കടലിടുക്ക് അടച്ചതോടെ വിതരണ ശൃംഖലയില്‍ തടസം നേരിടാനുള്ള സാധ്യ ഉയര്‍ന്നിരിക്കുകയാണ്.

ആഭ്യന്തര ഇന്ധനലഭ്യത ഉറപ്പാക്കുന്നതിനായി പെട്രോള്‍, ഡീസല്‍ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും എല്‍പിജി റേഷനിങ് നടപ്പാക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നാണ് റിപോര്‍ട്ട്. നിലവില്‍ രാജ്യത്തിനുള്ള തന്ത്രപ്രധാന കരുതല്‍ ശേഖരം രണ്ടാഴ്ചത്തേക്ക് മാത്രമേ മതിയാകൂ എന്ന വിലയിരുത്തലും ആശങ്ക വര്‍ധിപ്പിക്കുന്നു. വാണിജ്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം വിതരണ ശൃംഖല സുരക്ഷിതമാക്കാന്‍ കേന്ദ്ര സര്‍ക്കാരും എണ്ണ കമ്പനികളും അടിയന്തര നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രതിസന്ധി നേരിടാന്‍ ഇന്ത്യ അടിയന്തര ക്രൂഡ് സപ്ലൈ പദ്ധതി സജ്ജമാക്കിയിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന സൂചനകള്‍ മുന്‍പ് ഉണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള വിതരണത്തില്‍ വര്‍ധനവിന് സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. പശ്ചിമേഷ്യയിലെ അസ്ഥിരത ഊര്‍ജസുരക്ഷയെ ബാധിക്കാതിരിക്കാനുള്ള തന്ത്രപരമായ നീക്കമായാണ് ഇത് വിലയിരിത്തപ്പെടുന്നത്.

കണക്കുകള്‍ പ്രകാരം, ഫെബ്രുവരിയില്‍ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരനായി റഷ്യ ഉയര്‍ന്നിരുന്നു. അതേസമയം, സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി, ആറു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലെ സൈനിക നീക്കങ്ങള്‍ സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിതരണത്തെ ബാധിച്ചതോടെ ഇന്ത്യന്‍ റിഫൈനറികള്‍ വീണ്ടും ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ട സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.

Tags: