ഇക്കുറി മണ്‍സൂണ്‍ നേരത്തെ; മെയ് 27നെത്തുമെന്ന് കാലാവസ്ഥ വകുപ്പ്

ഇന്ത്യയിലെ കൃഷിഭൂമിയുടെ പകുതിയോളം വിളകളുടെ ഉല്‍പ്പാദനം മണ്‍സൂണിനെ ആശ്രയിച്ചാണിരിക്കുന്നത്

Update: 2025-05-10 10:19 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ തെക്കന്‍ തീരത്ത് മെയ് 27 ന് മണ്‍സൂണ്‍ മഴ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാജ്യത്തിന്റെ നാലു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയുടെ ജീവരക്തമായ മണ്‍സൂണ്‍, ഇക്കുറി ആദ്യമെത്തുന്നത് കൃഷിയിടങ്ങളെ ഉണര്‍ത്തുമെന്നാണ് പ്രതീക്ഷയെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ഇന്ത്യയിലെ കൃഷിഭൂമിയുടെ പകുതിയോളം വിളകളുടെ ഉല്‍പ്പാദനം മണ്‍സൂണിനെ ആശ്രയിച്ചാണിരിക്കുന്നത്. നിലവിലെ സൈനിക സംഘര്‍ഷത്തിനിടയില്‍, ഭക്ഷ്യവിതരണത്തിന് ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ചുള്ള ആശങ്കകള്‍ ലഘൂകരിക്കാനും നേരത്തെയുള്ള മണ്‍സൂണ്‍ മഴ സഹായിക്കും.

സാധാരണയായി ജൂണ്‍ ഒന്നിന് കേരളത്തിന്റെ തെക്കേ അറ്റത്തുള്ള തീരങ്ങളില്‍ വേനല്‍മഴ ആരംഭിക്കുകയും ജൂലൈ പകുതിയോടെ രാജ്യമെമ്പാടും വ്യാപിക്കുകയും ചെയ്യും. കേരളത്തില്‍ മെയ് 27 ന് മണ്‍സൂണ്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം, മെയ് 30 ന് മണ്‍സൂണ്‍ കേരള തീരത്ത് എത്തി, 2020 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വേനല്‍ മഴയായിരുന്നു ഇത്. 2023 ലെ വരള്‍ച്ചയില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ ഈ മഴക്കായി എന്നാണ് നിഗമനം. 2025 ല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ശരാശരിയേക്കാള്‍ കൂടുതല്‍ മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ മാസം പ്രവചിച്ചിരുന്നു.

Tags: