2026ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.6% ആയി താഴാനിടയെന്ന് യുഎന്‍ റിപോര്‍ട്ട്

Update: 2026-01-09 10:00 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനത്തിന് പിന്നാലെ 2026ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.6 ശതമാനമായി താഴാനിടയുണ്ടെന്ന് ഐക്യരാഷ്ട്രസംഘടനയുടെ റിപോര്‍ട്ട്. രാഷ്ട്രീയവും ഭൗമശാസ്ത്രപരവുമായ സംഘര്‍ഷങ്ങള്‍, അന്താരാഷ്ട്ര സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍, ആഗോള സാമ്പത്തിക അസ്ഥിരത എന്നിവ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചേക്കാമെന്നാണ് യുഎന്‍ വിലയിരുത്തല്‍. 2025ല്‍ ഇന്ത്യ 7.4 ശതമാനം ജിഡിപി വളര്‍ച്ച കൈവരിച്ചിരുന്നു. വളര്‍ച്ചയില്‍ നേരിയ മന്ദഗതിയുണ്ടായാലും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുമെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. നിയന്ത്രിത ഗാര്‍ഹിക ചെലവുകള്‍, പൊതുനിക്ഷേപം, കുറഞ്ഞ പലിശനിരക്കുകള്‍ എന്നിവ രാജ്യത്തിന്റെ സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നും യുഎന്‍ ചൂണ്ടിക്കാട്ടുന്നു. ഐക്യരാഷ്ട്രസംഘടന പ്രസിദ്ധീകരിച്ച 'ലോകസാമ്പത്തിക സ്ഥിതിയും സാധ്യതകളും' എന്ന റിപോര്‍ട്ടിലാണ് ഈ വിലയിരുത്തല്‍.

യുഎസ് ഇന്ത്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവകള്‍ ചില ഉല്‍പ്പന്നങ്ങളെ ബാധിക്കുമെങ്കിലും പ്രധാന കയറ്റുമതി മേഖലകളില്‍ വലിയ ആഘാതമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, മറ്റു വിപണികളിലേക്കുള്ള പ്രവേശനത്തിന് ഇന്ത്യയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും യുഎന്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള ഭൂരിഭാഗം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് അമേരിക്കയിലെ ട്രംപ് ഭരണകൂടം 50 ശതമാനം ഉയര്‍ന്ന നികുതി ചുമത്തിയിട്ടുണ്ട്. കൂടാതെ, റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ തുടര്‍ന്നാല്‍ ഈ നികുതി 500 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് ഭീഷണിയും നിലനില്‍ക്കുന്നു.

ആഗോളതലത്തില്‍, 2025ല്‍ കണക്കാക്കിയ 2.8 ശതമാനത്തേക്കാള്‍ 2026ല്‍ സാമ്പത്തിക വളര്‍ച്ച 2.7 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കോവിഡ് മുന്‍പുള്ള ശരാശരി വളര്‍ച്ചാ നിരക്കായ 3.2 ശതമാനത്തേക്കാള്‍ വളരെ താഴെയാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ, ഭൗമ, സാങ്കേതിക മേഖലകളിലെ സംഘര്‍ഷങ്ങളാണ് ആഗോള സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുകയും വളര്‍ച്ചയെ പിന്നോട്ട് വലിക്കുകയും ചെയ്യുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags: