സ്റ്റാര്‍ട്ടപ്പ് ലോകത്തിന്റെ കഥ പറയാന്‍ രാജ്യത്തെ ആദ്യ ടെക് മ്യൂസിയം തയ്യാറാകുന്നു

Update: 2025-12-03 05:09 GMT

ബെംഗളൂരു: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന്റെ കഥ പറയാന്‍ ബെംഗളൂരു ഒരുങ്ങുന്നു. ഇന്ത്യയിലെ ആദ്യ സ്റ്റാര്‍ട്ടപ്പ് ടെക് മ്യൂസിയത്തിന് 2027ഓടെ രൂപം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബയപ്പനഹള്ളി എന്‍ജിഇഎഫ് കാമ്പസിലെ സ്വിച്ച്ഗിയര്‍ ഫാക്ടറിയുടെ 12,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പഴയ ഷെഡ് പുനര്‍നിര്‍മിച്ചാണ് മ്യൂസിയം നിര്‍മ്മിച്ചത്. ഇലക്ട്രോണിക്‌സ്, ഐടി, ബിടി, എസ്&ടി വകുപ്പുകളുടേയും അണ്‍ബോക്‌സിങ് ബിഎല്‍ആറിന്റേയും പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. കര്‍ണാടക ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ മ്യൂസിയം ഫൗണ്ടേഷന്‍(കെടിഐഎംഎഫ്)ആണ് മ്യൂസിയത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുക.

പദ്ധതി രണ്ടു ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. 2027ല്‍ ആദ്യ ഘട്ടം പ്രവര്‍ത്തനമാരംഭിക്കുമെന്നും രണ്ടാം ഘട്ടം തുടര്‍ന്ന് ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്നും അണ്‍ബോക്‌സിങ് ബിഎല്‍ആറിന്റെ സഹസ്ഥാപകനും ചെയര്‍പേഴ്‌സനുമായ പ്രശാന്ത് പ്രകാശ് അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച സാങ്കേതിക മേഖലയുടെ ഭാവി ദിശയും സാധ്യതകളും മ്യൂസിയം സന്ദര്‍ശകര്‍ക്ക് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മ്യൂസിയത്തിന്റെ രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനുമായി ഏകദേശം 100 കോടി രൂപ ബജറ്റ് അനുവദിച്ചു. നിര്‍മാണത്തിനുള്ള ടെണ്ടര്‍ നോട്ടിസ് അടുത്ത 30 ദിവസത്തിനകം പ്രസിദ്ധീകരിക്കും. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളും പ്രമുഖ കമ്പനികളുമെല്ലാം മ്യൂസിയത്തിന്റെ ഭാഗമാകാന്‍ ക്ഷണിക്കുമെന്നും പ്രകാശ് അറിയിച്ചു.

ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷാ, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ബിഐഎഎല്‍ എംഡി ഹരി മാരാര്‍, ക്വസ് കോര്‍പ്പറേഷന്‍ പ്രതിനിധി അജിത് എബ്രഹാം ഐസക്, മെഴ്‌സിഡസ് ബെന്‍സ് ആര്‍&ഡി പ്രതിനിധി മനു രാമചന്ദ്ര, ലൈഫ്‌ബെന്‍സ് ആര്‍&ഡി പ്രതിനിധി കൃഷ്ണകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബോര്‍ഡ് ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുള്ള ഡീപ്-ടെക് ഇന്‍കുബേറ്റര്‍ സംരംഭമായ 'ഇന്നോവേഴ്‌സ്' പദ്ധതിക്കായി 11,000 ചതുരശ്ര മീറ്റര്‍ കൂടി നീക്കിവച്ചിട്ടുണ്ടെന്നും പ്രശാന്ത് പ്രകാശ് കൂട്ടിച്ചേര്‍ത്തു.

Tags: