സഹകരണ ബാങ്കുകള്‍ക്ക് ഡിജിറ്റല്‍ ചുവട്; ഇന്ത്യയിലെ ആദ്യ എഐ അസിസ്റ്റന്റ് 'ചങ്ങായി' അവതരിപ്പിച്ചു

Update: 2026-01-27 07:26 GMT

കണ്ണൂര്‍: സഹകരണ ബാങ്കുകളിലെ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനങ്ങളും ഉപഭോക്ത സേവനങ്ങളും ആധുനികവത്കരിക്കുന്നതിനായി ഇന്ത്യയിലെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അസിസ്റ്റന്റ് ആയ 'ചങ്ങായി' (changAI) അവതരിപ്പിച്ചു. സഹകരണ ബാങ്കിംഗ് സോഫ്റ്റ്‌വെയര്‍ മേഖലയിലെ 28 വര്‍ഷത്തെ പ്രവര്‍ത്തിക്കുന്ന സിലിക്കണ്‍ ഐടി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ എഐ അസിസ്റ്റന്റ് വികസിപ്പിച്ചത്.

സഹകരണ പ്രസ്ഥാനത്തിന്റെ പ്രത്യേക പ്രവര്‍ത്തന രീതികളും പ്രാദേശിക ഭാഷാ ആവശ്യങ്ങളും മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്ത ആദ്യ എഐ സംവിധാനമാണിത്. ബാങ്കിംഗ് ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും വിശ്വസനീയവും ഉപഭോക്ത സൗഹൃദപരവുമാക്കുകയാണ് 'ചങ്ങായി'യുടെ പ്രധാന ലക്ഷ്യം. ബാങ്കുകളുടെ ഫ്രണ്ട് ഓഫീസുകളില്‍ നടക്കുന്ന നിത്യ ജോലികളുടെ ഏകദേശം 80 ശതമാനം വരെ ചങ്ങായിക്ക് കൈകാര്യം ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചു. ഇതുവഴി ജീവനക്കാരുടെ ജോലിഭാരം കുറയുകയും, കൂടുതല്‍ മൂല്യവര്‍ധിത സേവനങ്ങളില്‍ അവര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാകുകയും ചെയ്യും. 'സാങ്കേതികവിദ്യ ബാങ്കിങ്ങിനെ ലളിതമാക്കണം എന്നതാണ് ഞങ്ങളുടെ വിശ്വാസം. സഹകരണ മേഖലയുടെ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ ആധുനിക ബാങ്കിങ്ങുമായി മല്‍സരക്ഷമമാക്കാന്‍ 'ചങ്ങായി' സഹായിക്കും,' സിലിക്കണ്‍ ഐടി സൊല്യൂഷന്‍സ് എംഡി മനോജ് സി പിയും സിടിഒ വിനോദ് പി വിയും പറഞ്ഞു.

ചങ്ങായിയുടെ പ്രധാന സവിശേഷതകള്‍

പ്രാദേശിക ഭാഷാ പിന്തുണ: ഗ്രാമീണനഗര മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്വന്തം ഭാഷയില്‍ ഡിജിറ്റല്‍ ബാങ്കിങ്ങ് സേവനങ്ങള്‍

ഉയര്‍ന്ന സുരക്ഷ: എഐ അധിഷ്ഠിത ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ വഴി വേഗത്തിലുള്ള തിരിച്ചറിയലും തട്ടിപ്പ് തടയലും

സമഗ്ര സാമ്പത്തിക ദൃശ്യവത്കരണം: നിക്ഷേപങ്ങളും വായ്പകളും ഒരുമിച്ച് സ്‌ക്രീനില്‍ കാണാനുള്ള സൗകര്യം

വേഗത്തിലുള്ള തീരുമാനങ്ങള്‍: സ്വര്‍ണപ്പണയ അര്‍ഹതയും നിക്ഷേപ പലിശ ലാഭവും നിമിഷങ്ങള്‍ക്കുള്ളില്‍ കണക്കാക്കാന്‍ സാധിക്കും

Tags: