രാജ്യത്ത് കൊവിഡ് മരണം ഒരു ലക്ഷം പിന്നിട്ടു

Update: 2020-10-03 13:26 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണം ഒരു ലക്ഷം പിന്നിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗബാധിതരുടെ എണ്ണം 64 ലക്ഷം കടന്നു.

രോഗം മൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷമാവാന്‍ 204 ദിവസമാണ് എടുത്തത്. മാര്‍ച്ച് 13ന് 76 വയസ്സുള്ള ഒരാളുടേതാണ് രേഖപ്പെടുത്തപ്പെട്ടതില്‍ ആദ്യത്തെ മരണം.

ഏറ്റവും പുതിയ കണക്കു പ്രകാരം 24 മണിക്കൂറിനുള്ളില്‍ 79,476 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ സമയത്തിനുളളില്‍ 1,069 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 64,73,544 ആണ്. മരണങ്ങള്‍ 1,00,842ഉം ആയി. ഒരു മാസം മുമ്പ് ഇന്ത്യയിലെ കൊവിഡ് മരണങ്ങളുടെ എണ്ണം 67,376 ആയിരുന്നു. അതാണ് ഇപ്പോള്‍ ഒരു ലക്ഷമായി ഉയര്‍ന്നത്.

നിലവില്‍ 9,44,996 പേരാണ് രോഗബാധിതരായി ചികില്‍സ തേടുന്നത്. 54,27,706 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. രോഗമുക്തി നിരക്ക് 83.84 ശതമാനമായി ഉയര്‍ന്നപ്പോള്‍ മരണനിരക്ക് 1.56 ശതമാനമായി കുറഞ്ഞതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags: