കശ്മീരിലെ സിന്താന്‍ ചുരത്തില്‍ കുടുങ്ങിയ 16 പേരെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി

Update: 2022-04-22 01:14 GMT

കിഷ്ത്വാര്‍ (ജമ്മു കശ്മീര്‍): ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ സിന്താന്‍ ചുരത്തില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കിടയില്‍ ഒറ്റപ്പെട്ട 16 പേരെ ഇന്ത്യന്‍ സൈന്യം വ്യാഴാഴ്ച രക്ഷപ്പെടുത്തി.

ഇന്ത്യന്‍ സൈന്യം പറയുന്നതനുസരിച്ച്, ഉച്ചകഴിഞ്ഞ് 3 മണിയോടെ, കനത്ത മഞ്ഞുവീഴ്ചയ്ക്കിടയില്‍ സിന്തന്‍ ചുരത്തിന് സമീപം എന്‍എച്ച് 244 ല്‍ കുടുങ്ങിയ 16 സിവിലിയന്മാരെ കുറിച്ച് ജില്ലാ ഭരണകൂടമാണ് സൈന്യത്തിന് വിവരം നല്‍കിയത്. വിവരമറിഞ്ഞ ഉടന്‍ സൈന്യത്തിന്റെ ഒരു ടീം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

ദേശീയപാത 244ലെ തുടര്‍ച്ചയായ മഞ്ഞുവീഴ്ചയും ദൃശ്യതക്കുറവും മൂലം ഏകദേശം ആറെകാലോടെയാണ് ചുരത്തിന് സമീപത്തെത്താനായത്.

തുടര്‍ച്ചയായ മഞ്ഞുവീഴ്ചയില്‍ ദൃശ്യത കുറഞ്ഞതോടെ ഏകദേശം 15 കിലോമീറ്റര്‍ നടന്നാണ് ചുരത്തിനടുത്തെത്തിയത്. തുടര്‍ന്ന് സിന്തന്‍ മൈതാനത്തേക്ക് കൊണ്ടുവന്ന് അവര്‍ക്ക് മരുന്നും ഭക്ഷണവും ഷെല്‍റ്ററും നല്‍കി. ഇന്ത്യന്‍ കരസേനയുടെ രക്ഷാദൗത്യമാണ് വിലപ്പെട്ട ജീവന്‍ രക്ഷിച്ചതെന്ന് സൈന്യത്തിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.