യുക്രെയ്‌നില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് ഭക്ഷണശാലയില്‍ വരിനില്‍ക്കുമ്പോള്‍; സ്‌ഫോടനത്തിലെന്നും വെടിവയ്പിലെന്നും വ്യത്യസ്ത റിപോര്‍ട്ടുകള്‍
ബെംഗളൂരു; കര്‍ണാടകയില്‍ നിന്നുള്ള 21 കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ഗ്യാനഗൗഡര്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത് യുക്രെയ്‌നിലെ ഖിര്‍കീവില്‍ ഭക്ഷണശാലയില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴെന്ന് കുടുംബം. ഭക്ഷണം വാങ്ങാനും പണം എടുക്കാനുമായി പോകും മുമ്പ് നവീന്‍ തന്റെ പിതാവുമായി ഫോണില്‍ സംസാരിച്ചിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള മറ്റ് ചിലര്‍ക്കൊപ്പമാണ് നവീന്‍ താമസിച്ചിരുന്നത്. അവര്‍ കഴിഞ്ഞിരുന്ന ബങ്കറില്‍ ഭക്ഷണവും വെള്ളവുമില്ലാതായപ്പോഴാണ് നവീന്‍ പുറത്തിറങ്ങിയത്.
തന്റെ മകനുമായി 'രാവിലെ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും അവന്‍ ദിവസവും രണ്ടോ മൂന്നോ തവണ വിളിക്കാറുണ്ടായിരുന്നുവെന്നും പിതാവ് ശേഖര്‍ ഗൗഡ പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ടത് റഷ്യന്‍ സേന നടത്തിയ സ്‌ഫോടനത്തിലെന്നും അതല്ല, വെടിയേറ്റ് മരിക്കുകയായിരുന്നുവെന്നും രണ്ട് വ്യത്യസ്ത റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ഖാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു കര്‍ണാടകയിലെ ഹവേരിയില്‍ നിന്നുള്ള നവീന്‍.
ഒരു റിപോര്‍ട്ടനുസരിച്ച് അദ്ദേഹം റഷ്യന്‍ സൈനികര്‍ തകര്‍ത്ത ഒരു പ്രമുഖ സര്‍ക്കാര്‍ കെട്ടിടത്തിന് സമീപമാണ് താമസിച്ചിരുന്നത്. ആ കെട്ടിടത്തിനു നേരെ സൈന്യം നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. യുക്രെയ്ന്‍ സ്വദേശിയെ ഉദ്ധരിച്ചാണ് ഈ വാര്‍ത്ത പുറത്തുവന്നത്.
'ഇന്ന് രാവിലെ ഖര്‍കിവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചവിവരം അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. മന്ത്രാലയം അദ്ദേഹത്തിന്റെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു,' വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
''അവന്‍ ഭക്ഷണം വാങ്ങാനാണ് പോയത്. ഹോസ്റ്റലിലുള്ളവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. അവന്‍ ഗവര്‍ണര്‍ ഹൗസിന് തൊട്ടുപിന്നിലെ ഒരു ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. അവിടെ ഭക്ഷണത്തിനായി ഒന്നോ രണ്ടോ മണിക്കൂര്‍ ക്യൂവില്‍ നിന്നു. പെട്ടെന്ന് ഒരു വ്യോമാക്രമണം ഉണ്ടായി. അതിലാണ് നവീന്‍ കൊല്ലപ്പെട്ടത്''- വിദ്യാര്‍ത്ഥിയുടെ മരണത്തിന് തൊട്ടുപിന്നാലെ ഖര്‍കിവിലെ സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ പൂജ പ്രഹരാജ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നവീന്റെ ഫോണ്‍ കണ്ടെത്തിയ ഒരു യുക്രെയ്ന്‍ വനിതയാണ് പൂജയെ മരണവിവരം അറിയിച്ചത്.
തന്റെ കൈവശമുള്ള ഫോണിന്റെ ഉടമ കൊല്ലപ്പെട്ടതായും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായും അവര്‍ അറിയിക്കുകയായിരുന്നു.
അതേസമയം മരണത്തെക്കുറിച്ചുള്ള മറ്റൊരു വ്യാഖ്യാനവും പുറത്തുവന്നിട്ടുണ്ട്. അതനുസരിച്ച് നവീനെ 10.30ഓടെ റഷ്യന്‍ സൈന്യം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്ത് ശ്രീധരന്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. ഭക്ഷണശാലയില്‍ വരി നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ റഷ്യന്‍ സൈന്യം വെടിവച്ചുകൊല്ലുകയായിരുന്നുവത്രെ. അദ്ദേഹത്തിന്റെ മൃതദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം സൂക്ഷിച്ച ആശുപത്രിയിലേക്ക് ആര്‍ക്കും പോകാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

