വിമാനയാത്രയ്ക്കിടെ രണ്ടു കൗമാരക്കാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍
വാഷിങ്ടണ്‍: അമേരിക്കയില്‍ വിമാനയാത്രയ്ക്കിടെ സഹയാത്രികരായ രണ്ടു കൗമാരക്കാരെ കുത്തിപ്പരിക്കേല്‍പ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍. ആന്ധ്രപ്രദേശ് സ്വദേശി പ്രണീത് കുമാര്‍ ഉസിരിപ്പള്ളി (28)യെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഷിക്കാഗോയില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള ലുഫ്താന്‍സ വിമാനത്തിലായിരുന്നു സംഭവം.
ലോഹനിര്‍മ്മിത ഫോര്‍ക്ക് ഉപയോഗിച്ചാണ് പ്രണീത് ആക്രമണം നടത്തിയത്. പതിനേഴു വയസുകാരായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ തോളിലും മറ്റെയാളുടെ തലവശത്തും കുത്തേറ്റതായി അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ക്രൂ അംഗങ്ങള്‍ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍, ഇയാള്‍ കൈകള്‍ ഉയര്‍ത്തി വിരലുകള്‍ തോക്ക് പോലെയാക്കി ഭീഷണിയുയര്‍ത്തി. തുടര്‍ന്ന് ഇയാള്‍ ഒരു സ്ത്രീയാത്രക്കാരിയെ അടിക്കുകയും, ക്രൂ അംഗങ്ങളിലൊരാളെ അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
തുടര്‍ന്ന് വിമാനം അടിയന്തിരമായി ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. അവിടെ എത്തിയതിനു പിന്നാലെ പ്രണീത് കുമാറിനെ പോലിസിന് കൈമാറി. അമേരിക്കയിലേക്ക് സ്റ്റുഡന്റ വിസയിലായാണ് ഇയാള്‍ എത്തിയതെന്നാണ് വിവരം. കുറ്റം തെളിഞ്ഞാല്‍ പ്രണീതിന് പരമാവധി പത്തുവര്‍ഷം തടവും പിഴയും ലഭിച്ചേക്കാമെന്ന് പോലിസ് പറഞ്ഞു.