ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്‌പൈസസ് സുഗന്ധഭാരതി, സുഗന്ധശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
സുഗന്ധവ്യഞ്ജന ഗവേഷണം, വികസനം, ഡോക്യുമെന്റേഷന്‍ എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. പി എന്‍ രവീന്ദ്രനാണു സുഗന്ധഭാരതി അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടതു. മികച്ച സുഗന്ധവിള കര്‍ഷകര്‍ക്കായി രണ്ടുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന സുഗന്ധശ്രീ പുരസ്‌കാരത്തിന് അര്‍ഹനായത് കോട്ടയത്ത് നിന്നുള്ള ജാതി കര്‍ഷകനായ ടി ജോസഫ് ആണ്.
കോഴിക്കോട്: ഭാരതീയ സുഗന്ധവിളഗവേഷണ കേന്ദ്രവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്‌പൈസസ് ഫെബ്രുവരി 9 മുതല്‍ നടക്കുന്ന അന്താരാഷ്ട്ര സിംപോസിയത്തില്‍ വച്ച് സുഗന്ധഭാരതി അവാര്‍ഡും സുഗന്ധശ്രീ അവാര്‍ഡും സമ്മാനിക്കും. സുഗന്ധവ്യഞ്ജന ഗവേഷണം, വികസനം, ഡോക്യുമെന്റേഷന്‍ എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. പി എന്‍ രവീന്ദ്രനാണു സുഗന്ധഭാരതി അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടതു.
ഭാരതീയ സുഗന്ധവിള കേന്ദ്രത്തിന്റെ മുന്‍ ഡയറക്ടറും പ്രൊജക്റ്റ് കോര്‍ഡിനേറ്ററും ആയിരുന്ന ഡോ. രവീന്ദ്രന്‍ നിരവധി അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങള്‍ക്കായി സുഗന്ധവിളകളുമായി ബന്ധപ്പെട്ട അനവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സുഗന്ധവ്യഞ്ജന ഗവേഷണ വികസന മേഖലയില്‍ മികച്ച സംഭാവന നല്‍കുന്ന വ്യക്തികള്‍ക്കായി നാല് വര്‍ഷം കൂടുമ്പോഴാണ് സ്വര്‍ണ മെഡലും പ്രശസ്തിപത്രവും അടങ്ങുന്ന സുഗന്ധഭാരതി അവാര്‍ഡ് നല്‍കുന്നത്.
മികച്ച സുഗന്ധവിള കര്‍ഷകര്‍ക്കായി രണ്ടുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന സുഗന്ധശ്രീ പുരസ്‌കാരത്തിന് അര്‍ഹനായത് കോട്ടയത്ത് നിന്നുള്ള ജാതി കര്‍ഷകനായ ടി ജോസഫ് ആണ്. സുഗന്ധവിളയായ ജാതിയോടൊപ്പം തെങ്ങും മറ്റു പച്ചക്കറികളും കൃഷിചെയ്തു സുസ്ഥിര വരുമാനമാതൃക വികസിപ്പിച്ചെടുത്തതാണ് ജോസഫിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഫെബ്രുവരി 9 മുതല്‍ 12 വരെ നടക്കുന്ന അന്താരാഷ്ട്ര സിമ്പോസിയത്തില്‍ അവാര്‍ഡുകള്‍ നല്‍കും.
സുഗന്ധവ്യഞ്ജനവികസനത്തിലെ സംഭാവന കണക്കിലെടുത്ത് ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്‌പൈസസിലെ ഒമ്പത് ലൈഫ് അംഗങ്ങളായ ഡോ ആര്‍. സുശീല ഭായ്, ഡോ. എന്‍ കെ ഹെഗ്‌ഡെ, ഡോ. ടി. പ്രദീപ് കുമാര്‍, ഡോ. സുചന്ദ് ദത്ത, ഡോ. എസ് എന്‍ സക്‌സേന, ഡോ. റാഷിദ് പര്‍വേസ്, ഡോ. ഡോ. അമര്‍ ചന്ദ് ശിവ്രാന്‍ എന്നിവരെ ഫെലോകളായി തെരഞ്ഞെടുത്തു.
മികച്ച ഗവേഷണ ലേഖനത്തിനുള്ള ഡോ. ജെ. എസ്. പൃതി അവാര്‍ഡ്, മികച്ച പിഎച്ച്ഡി പ്രബന്ധത്തിനുള്ള ഡോ. വി.എസ്. കൊരിക്കാന്തിമത് അവാര്‍ഡ്, മികച്ച എം എസ് സി പ്രബന്ധത്തിനുള്ള ശ്രീമതി വിജയ വി കൊരികാന്തിമത് അവാര്‍ഡ് എന്നിവയും ചടങ്ങില്‍ വിതരണം ചെയ്യും.
